പലസ്തീന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നേതാവും വയനാട്ടില്‍നിന്നുള്ള എം.പിയുമായ പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍. തിങ്കളാഴ്ച പ്രിയങ്ക ലോക്‌സഭാ സമ്മേളനത്തിനെത്തിയത് പലസ്തീന്‍ എന്ന് എഴുതിയ, പലസ്തീനികളോടുള്ള ഐക്യദാര്‍ഢ്യം പ്രകടമാക്കുന്ന തണ്ണിമത്തന്റെ ചിത്രം ആലേഖനം ചെയ്ത ബാഗുമായി. പാര്‍ലമെന്റ് കെട്ടിടത്തിനുള്ളില്‍ ബാഗുമായി നില്‍ക്കുന്ന പ്രിയങ്കയുടെ ചിത്രം, കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദാണ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. 'പ്രത്യേക ബാഗ് ധരിച്ച് പ്രിയങ്കാ ഗാന്ധി പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. മനുഷ്യത്വത്തിന്റെ പ്രകാശനം, മാനവികതയുടെയും നീതിയുടെയും പ്രതിബദ്ധത! ജനീവ കണ്‍വെന്‍ഷന്‍ ലംഘിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന അവരുടെ നിലപാട് വ്യക്തമാണ്' എന്ന കുറിപ്പും ഷമ ചിത്രത്തോടൊപ്പം എക്‌സില്‍ കുറിച്ചു.
ദേശീയ മാധ്യമങ്ങളടക്കം പിന്നീട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ പലതവണ പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രിയങ്ക രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞദിവസം ഡല്‍ഹിയിലെ പലസ്തീന്‍ നയതന്ത്ര പ്രതിനിധി ആബിദ് എല്‍റാസെഗ് അബി ജാസറുമായി പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് പ്രിയങ്ക പലസ്തീന്‍ പരമ്പരാഗത ശിരോവസ്ത്രമായ കഫിയ ധരിച്ചെത്തിയതു വാര്‍ത്തയായിരുന്നു.
അതേസമയം, പലസ്തീന്‍ എന്നെഴുതിയ ബാഗുമായെത്തിയ പ്രിയങ്കയെ പരിഹസിച്ച് ബിജെപി വക്താവ് സംബിത് പത്ര രംഗത്തെത്തി. കോണ്‍ഗ്രസ് കുടുംബം എപ്പോഴും പ്രീണനത്തിന്റെ ബാഗാണ് തൂക്കിക്കൊണ്ടിരിക്കുന്നതെന്നും പ്രീണന ബാഗാണ് അവരുടെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു.