'നിങ്ങൾ പോരാളി, നുണപ്രചാരണങ്ങൾക്കിടെ സത്യത്തിനായി പൊരുതി, സഹോദരിയായതിൽ അഭിമാനം';  പ്രിയങ്ക ​ഗാന്ധി

ഭരണഘടനയെ സംരക്ഷിക്കാൻ ഒപ്പം നിന്നവർക്ക് നന്ദിയെന്നാണ് രാഹുലിന്‍റെ ആദ്യ പ്രതികരണം. നടന്നത് നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരായ പോരാട്ടമാണ്.

author-image
Anagha Rajeev
New Update
c
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂ ഡൽഹി: രാഹുൽ ഗാന്ധിയുടെ വിജയത്തിൽ വൈകാരിക കുറിപ്പുമായി സഹോദരി പ്രിയങ്ക ഗാന്ധി. സഹോദരിയായതിൽ അഭിമാനമുണ്ട്. അവർ നടത്തിയ നുണപ്രചാരണങ്ങൾക്കിടയിലും സത്യത്തിനായി പോരാടി. എന്തൊക്കെ തടസ്സങ്ങൾ നേരിട്ടിട്ടും പിന്മാറിയില്ല. അവർ വെറുപ്പ് പടർത്തിയപ്പോള്‍ നിങ്ങളുടെ ഹൃദയത്തിൽ സ്നേഹവും ദയയുമായിരുന്നു. നിങ്ങൾ പോരാളിയും ധൈര്യശാലിയുമാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. നിങ്ങളെ തിരിച്ചറിയാത്തവർ ഇപ്പോൾ നിങ്ങൾ ആരാണെന്ന് തിരിച്ചറിയുന്നതായും പ്രിയങ്ക കുറിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ അന്വേഷണ ഏജൻസികളും അദാനിയും വരെ രാഹുൽ ഗാന്ധിക്കെതിരെ അണിനിരക്കുന്ന കാർട്ടൂൺ പങ്ക് വെച്ച് സാമൂഹിക മാധ്യമമായ എക്സിൽ ആയിരുന്നു പ്രിയങ്കയുടെ കുറിപ്പ്. 

മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ജയം നേടിയ രാഹുൽ, ഇന്ത്യാ സഖ്യത്തിന്‍റെ അമരക്കാരെന്ന നിലയിലും കയ്യടി നേടുകയാണ്.  ഉത്തർ പ്രദേശിലെ റായ് ബറേലിയിൽ രാഹുൽ ഗാന്ധി 4 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 2019ൽ റായ്ബറേലിയിൽ സോണിയ ഗാന്ധി നേടിയ വോട്ടുകളേക്കാൾ വലിയ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധിയുടെ ജയം. 167178 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സോണിയ ഗാന്ധി 2019ൽ ദിനേശ് പ്രതാപ് സിംഗിനെ റായ് ബറേലിയിൽ പരാജയപ്പെടുത്തിയത്.   വയനാട്ടിൽ നിന്ന് രണ്ടാമൂഴം തേടിയപ്പോൾ രാഹുൽ 647445 വോട്ടുകളാണ് നേടിയത്. 364422 വോട്ടിന്‍റെ ഭൂരിപക്ഷമാണ് നേടിയത്.

ഭരണഘടനയെ സംരക്ഷിക്കാൻ ഒപ്പം നിന്നവർക്ക് നന്ദിയെന്നാണ് രാഹുലിന്‍റെ ആദ്യ പ്രതികരണം. നടന്നത് നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരായ പോരാട്ടമാണ്. രാജ്യത്തെ തകർക്കാൻ മോദിയെയും അമിത് ഷായെയും അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്കും കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും റായ്ബറേലിയിലും വയനാട്ടിലെയും വോട്ടർമാർക്കും രാഹുൽ ​ഗാന്ധി നന്ദി അറിയിച്ചു. ഭരണഘടന സ്ഥാപനങ്ങളെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി ഇന്നലെ വ്യക്തമാക്കുകയുണ്ടായി.

priyankha gandhi