/kalakaumudi/media/media_files/cwASQkd2Gf6ITG5vGRjz.jpeg)
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടുകളിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അധികാരമേറ്റെടുത്തയുടൻ തന്നെ നിങ്ങൾ യുവതലമുറയുടെ സ്വപ്നങ്ങളാണ് തകർത്തുകളഞ്ഞത് എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
പുതിയ ബി.ജെ.പി സർക്കാർ സത്യപ്രതിജ്ഞ ചെയ്തയുടൻ യുവാക്കളുടെ സ്വപ്നങ്ങൾ തകർക്കാൻ ശ്രമം തുടങ്ങി. നീറ്റ് പരീക്ഷാ ഫലത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം 24 ലക്ഷം വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ആശങ്ക പൂർണമായും അവഗണിക്കുന്നു.
ഇപ്പോൾ നടക്കുന്നതൊന്നും വിദ്യാഭ്യാസ മന്ത്രി കാണുന്നില്ലേ? നാഷനൽ ടെസ്റ്റിംഗ് ഏജൻസി മെയ് 5 ന് 4,750 കേന്ദ്രങ്ങളിലായി 24 ലക്ഷത്തോളം വിദ്യാർഥികൾക്കായി നടത്തിയ നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ചോർന്നുവെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. ഇപ്പോൾ വിവാദമായ ഗ്രേസ് മാർക്കും കാരണം നീറ്റിന്റെ സുതാര്യത തന്നെ ഇല്ലാതായി. നാളിതുവരെ ഇല്ലാത്ത രീതിയിൽ 67 വിദ്യാർഥികൾ മുഴുവൻ മാർക്കും നേടിയതിൽ ആശങ്കയുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി.
യുവാക്കളെ സർക്കാർ അവഗണിക്കുകയാണ്. ലക്ഷക്കണക്കിന് യുവാക്കളെയും അവരുടെ മാതാപിതാക്കളെയും അവഗണിച്ച് ആരെയാണ് സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു. ഈ കുത്തഴിഞ്ഞ പരീക്ഷാ സമ്പ്രദായത്തിന്റെ അൾത്താരയിൽ യുവാക്കളുടെ സ്വപ്നങ്ങൾ ബലികഴിക്കപ്പെടുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.