/kalakaumudi/media/media_files/2026/01/13/alam-2026-01-13-12-35-30.jpg)
ന്യൂഡൽഹി: പ്രമുഖ ഇസ്‌ലാമിക ചിന്തകനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌ജക്റ്റീവ് സ്റ്റഡീസിന്റെ (IOS) സ്ഥാപക ചെയർമാനുമായ ഡോ. മുഹമ്മദ് മൻസൂർ ആലം (79) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതർക്കിടയിലും വൈജ്ഞാനിക രംഗത്തും വലിയ സ്വാധീനമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം.
ദശകങ്ങളായി ഡൽഹി കേന്ദ്രീകരിച്ച് സാമൂഹിക-വൈജ്ഞാനിക രംഗങ്ങളിൽ സജീവമായിരുന്ന മൻസൂർ ആലം, ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ഉന്നമനത്തിനായി നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകി. 1986-ൽ അദ്ദേഹം സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌ജക്റ്റീവ് സ്റ്റഡീസ് (IOS), സാമൂഹിക ശാസ്ത്ര ഗവേഷണ രംഗത്ത് രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനങ്ങളിലൊന്നാണ്.
വിവിധ വിഷയങ്ങളിൽ നൂറുകണക്കിന് സെമിനാറുകളും ഗവേഷണ പ്രബന്ധങ്ങളും ഐ.ഒ.എസ് വഴി അദ്ദേഹം ഏകോപിപ്പിച്ചു. ആൾ ഇന്ത്യ മില്ലി കൗൺസിൽ ജനറൽ സെക്രട്ടറി എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയമായ സേവനങ്ങൾ കാഴ്ചവെച്ചു. ബീഹാർ സ്വദേശിയായ അദ്ദേഹം തന്റെ പ്രവർത്തന മണ്ഡലം ഡൽഹിയാക്കി മാറ്റുകയായിരുന്നു.
പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ചു. ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയ-ബൗദ്ധിക ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാണ് മൻസൂർ ആലത്തിന്റെ നിര്യാണത്തിലൂടെ വിരാമമാകുന്നതെന്ന് അനുശോചന സന്ദേശങ്ങൾ കുറിച്ചു. ഖബറടക്കം പിന്നീട് ഡൽഹിയിൽ നടക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
