ന്യൂഡൽഹി: സിഖ് കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജഗ്ദീഷ് ടൈറ്റ്‌ലർക്കെതിരെ കൊലപാതകമടക്കമുള്ള കുറ്റങ്ങൾ ചുമത്താൻ സിബിഐയ്ക്ക് നിർദേശം നൽകി കോടതി. ടൈറ്റ്‌ലർക്കെതിരെ കുറ്റം ചുമത്താൻ ആവശ്യമായ തെളിവുകളുണ്ടെന്നും ഡൽഹി റൗസ് അവന്യു കോടതി വെള്ളിയാഴ്ച പറഞ്ഞു.
1984ലെ സിഖ് കലാപത്തിനിടെ ഡൽഹിയിലെ പുൽ ബംഗാഷിലെ ഗുരുദ്വാരയ്ക്ക് തീയിടുകയും ഥാക്കുർ സിങ്, ബാദൽ സിങ്, ഗുരുചരൺ സിങ് എന്നിവർ കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ടൈറ്റ്‌ലർക്കെതിരെ കുറ്റം ചുമത്തുന്നത്. കൊലപാതകത്തിനു പുറമെ അനധികൃതമായി സംഘംചേരൽ, കലാപമുണ്ടാക്കൽ, നിയമലംഘനം, ആരാധനാലയം അശുദ്ധമാക്കൽ, തീയിടൽ, മോഷണം എന്നീ കുറ്റങ്ങളും ടൈറ്റ്‌ലർക്കെതിരെ ചുമത്താനും കോടതി സിബിഐയ്ക്ക് നിർദേശം നൽകി.
2023 മേയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 1984ൽ ഗുരുദ്വാരയ്ക്ക് പുറത്തു കൂടിയിരുന്ന ജനക്കൂട്ടത്തിന് ടൈറ്റ്‌ലർ കലാപാഹ്വാനം നൽകി പ്രകോപിപ്പിച്ചുവെന്ന് ആരോപിച്ചിരുന്നു. ടൈറ്റ്‌ലർക്കെതിരെ കൊലപാതകക്കുറ്റവും ചുമത്തിയിരുന്നു.