protest against central govt over neet and net irregularities clashes in congress march in delhi
ഡൽഹി: നീറ്റ് നെറ്റ് പരീക്ഷ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം.ഡൽഹിയിൽ കോൺഗ്രസിൻറെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ സംഘർഷമുണ്ടായി. പാർലമെൻറ് വളയൽ സമരത്തിൻറെ ഭാഗമായി കോൺഗ്രസ് നടത്തിയ മാർച്ചിലാണ് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്.
കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പാർലമെൻറിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ച് ഡൽഹി പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്.പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ പ്രശ്നം രൂക്ഷമായി.സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. വിവിധസംസ്ഥാനങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനമുണ്ട്. പാട്നയിൽ ഉൾപ്പെടെ വിവിധയിടങ്ങളിലും കോൺഗ്രസിൻറെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടന്നു.
ഇതിനിടെ, എൻഎസ് യു നേതൃത്വത്തിൽ സർവകലാശാല, ജില്ലാ തലങ്ങളിലും പ്രതിഷേധം ആരംഭിച്ചു. കേരളത്തിലും വിവിധയിടങ്ങളിൽ പ്രതിഷേധ സമരം നടന്നു. നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് കെഎസ്‍യു തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എജി ഓഫീസിലേക്ക് മാർച്ച് നടത്തി. പരീക്ഷ റദ്ദാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.
ഇതിനിടെ നെറ്റ് പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണത്തിലേക്ക് കടക്കും. എൻടിഎ അധികൃതരിൽ നിന്നടക്കം വിവരങ്ങൾ തേടും.ചോദ്യപ്പേപ്പർ ചോർച്ച സംബന്ധിച്ച് എബിവിപിയും പ്രതിഷേധം കടുപ്പിക്കുകയാണ്. ജനങ്ങൾ ചോദ്യം ഉന്നയിക്കുമെന്പോൾ സർക്കാർ മറുപടി പറയണമെന്ന് എബിവിപി പ്രതികരിച്ചു. എൻടിഎയുടെ കോലം കത്തിച്ച് രാത്രി പ്രവർത്തകർ പ്രതിഷേധിച്ചു.