താനെ: മഹാരാഷ്ട്രയിലെ ബദ്‌ലാപുരിൽ നഴ്സറി സ്കൂളിൽ പഠിക്കുന്ന 4 വയസ്സുള്ള രണ്ട് പെൺകുട്ടികളെ സ്കൂൾ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. സ്കൂളിലെ ശുചീകരണ തൊഴിലാളിയായ അക്ഷയ് ഷിൻഡെ (24) ആണ് പെൺകുട്ടികളുടെ ടോയ്‌ലറ്റിനുള്ളിൽ വച്ച് രണ്ട് കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചത്.
എന്നാൽ കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ വൈകിയതിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ബദ്‌ലാപുരിൽ നാട്ടുകാർ ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുകയാണ്. ബദ്‌ലാപുർ - കല്യാൺ റെയിൽവേ പാതയിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ട്രെയിനുകൾ തടയുന്നത്. റെയിൽവെ ട്രാക്കിനു കുറുകെ ഓടിയ പോലീസുകാർക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങളുൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.
പ്രതി ശനിയാഴ്ച അറസ്റ്റിലായെങ്കിലും, പരാതി നൽകി 12 മണിക്കൂറിലധികം കഴിഞ്ഞാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്ന ആരോപണവുമായി പെൺകുട്ടികളുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പ് വിഷയത്തിൽ ഇടപെട്ടതിന് ശേഷമാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ തയാറായതെന്നും പെൺകുട്ടികളുടെ മാതാപിതാക്കൾ ആരോപിച്ചു.
സംഭവത്തിൽ സ്കൂളിൻ്റെ പ്രതികരണവും മാതാപിതാക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെൻ്റിൻ്റെ ഔദ്യോഗിക ക്ഷമാപണമോ ഇനി ഇത്തരമൊരു പ്രശ്നം ഉണ്ടാകില്ലെന്ന ഉറപ്പോ ഇല്ലാത്തതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്നത്.തങ്ങളുടെ കുട്ടികളുടെ സുരക്ഷയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ സ്കൂൾ പരാജയപ്പെട്ടുവെന്ന് പല രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സ്‌കൂളിൻ്റെ സുരക്ഷാ നടപടികളിൽ കാര്യമായ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്.പെൺകുട്ടികളുടെ ടോയ്‌ലറ്റുകളിൽ വനിതാ അറ്റൻഡർമാരില്ലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മാത്രമല്ല സ്കൂളിലെ സിസിടിവി ക്യാമറകളിൽ പലതും പ്രവർത്തനരഹിതമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ലൈംഗികാതിക്രമക്കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കാൻ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിട്ടു. കേസ് അതിവേഗ കോടതിയിലേക്ക് മാറ്റുന്നതിനുള്ള നിർദ്ദേശം ഇന്ന് സമർപ്പിക്കാൻ താനെ പോലീസ് കമ്മീഷണറിന് നിർദേശം നൽകി.
സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും രംഗത്തെത്തി.ബദ്‌ലാപൂരിലെ സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ വിഷയത്തിൽ ഇതിനകം ഒരു എസ്ഐടി രൂപീകരിച്ചിട്ടുണ്ട്, സംഭവം നടന്ന സ്‌കൂളിനെതിരെയും നടപടി സ്വീകരിക്കും.കുറ്റക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.