pune heavy rain
പൂനെ: പുനെയിലെ കനത്ത മഴയിൽ വ്യാപക നാശം.മഴയെ തുടർന്നുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു.ഡെക്കാൻ ജിംഖാന പ്രദേശത്ത് വെള്ളത്തിൽ വീണ കൈവണ്ടി വീണ്ടെടുക്കാൻ ശ്രമിക്കവെ വൈദ്യുതാഘാതമേറ്റാണ് അഭിഷേക് ഘനേക്കർ, ആകാശ് മാനെ, ശിവ പരിഹാർ എന്നിവർക്ക് ജീവൻ നഷ്ടമായത്.അതെസമയം തഹ്മിനി ഘട്ട് സെക്ഷനിലുണ്ടായ മണ്ണിടിച്ചിലിൽ മറ്റൊരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറിയതോടെ ജനജീവിതം പ്രതിസന്ധിയിലായി.പിംപ്രി-ചിഞ്ച്‌വാഡ് മേഖലയിൽ നിരവധി റെസിഡൻഷ്യൽ അപ്പാർട്ട്‌മെൻ്റുകൾ വെള്ളത്തിനടിയിലായി.മഴ തുടരുന്ന സാഹചര്യത്തിൽ മേഖലയിലെ സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ജില്ലയിൽ റെഡ് അലർട്ട് ആണ്. ഏകതാ നഗർ പോലെ വെള്ളം കയറിയ ഭാഗത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബോട്ടുകൾ ഉപയോഗിച്ചാണ് അഗ്നിശമന സേനയുടെ നേതൃത്വത്തിൽ ആളുകളെ ഒഴിപ്പിക്കുന്നത്. മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുത നദിയിലെ ബാബ ഭിഡെ പാലം വെള്ളത്തിനടിയിലായി. മഴയിൽ ഖഡക്‌വാസ്‌ല അണക്കെട്ട് പൂർണ ശേഷിയിൽ എത്തി. മുത നദിക്കരയിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും 48 മണിക്കൂർ അടച്ചിടാൻ പൂനെ കളക്ടർ സുഹാസ് ദിവാസെ ഉത്തരവിട്ടു. വെള്ളത്തിൽ മുങ്ങാൻ സാധ്യതയുള്ള പാലങ്ങളിൽ ഗതാഗതം നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുംബൈയിലും കനത്ത മഴ തുടരുകയാണ്. വെള്ളക്കെട്ടിനെ തുടർന്ന് അന്ധേരി സബ്‌വേ അടച്ചു. നഗരത്തിലേക്ക് വെള്ളം എത്തിക്കുന്ന ഏഴ് തടാകങ്ങളിൽ ഒന്നായ വിഹാർ തടാകം ഇന്ന് പുലർച്ചെ കരകവിഞ്ഞൊഴുകാൻ തുടങ്ങിയെന്ന് ബ്രിഹൻ ബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. 2769 കോടി ലിറ്ററാണ് തടാകത്തിൻ്റെ ശേഷി.