/kalakaumudi/media/media_files/2025/09/06/punjb-2025-09-06-10-39-23.jpg)
ചണ്ഡീഗഡ് : പഞ്ചാബില്‍ കനത്ത നാശംവിതച്ച് വെള്ളപ്പൊക്കം. ഇതുവരെ മരണസംഖ്യ 43 കടന്നു. നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടായി. 4.24 ലക്ഷം ഏക്കര്‍ ഭൂമിയിലെ കൃഷി വെള്ളത്തിനടിയിലായി. എന്‍ഡിആര്‍എഫിന്റെ 31 ടീമുകളും കരസേനയുടെയും അര്‍ദ്ധസൈനിക വിഭാഗത്തിന്റെയും 29 ടീമുകളും ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
23 ജില്ലകളിലായി 1902-ലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍ ആയിരിക്കുകയാണ്. 3.84 ലക്ഷത്തിലധികം ആളുകളുടെ ജീവിതത്തെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചു. സത്ലജ് നദിയുടെ തീരത്തുള്ള സസ്രാലി കോളനി പ്രദേശത്തെ അണക്കെട്ട് അപകടനിലയില്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ ലുധിയാനയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പത്താന്‍കോട്ടില്‍ മലകള്‍ ഇടിഞ്ഞു വീണതും കനത്ത നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചു.
ഭക്ര അണക്കെട്ടിലെ ജലനിരപ്പ് 1679 അടിയിലെത്തി അപകട നിലയ്ക്ക് തൊട്ട് താഴെയാണുള്ളത്. ഇത് സത്ലജ് നദിയുടെ തീരത്തുള്ള താഴ്ന്ന ഗ്രാമപ്രദേശങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ജനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് ജില്ലാ ഭരണകൂടം ഉള്‍പ്പെടെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മലയിടിച്ചിലും മണ്ണിടിച്ചിലും ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി ദേശീയപാതകള്‍ ഉള്‍പ്പടെ അടച്ചിട്ടതോടെ ഗതാഗത തടസ്സവും നേരിടുന്നുണ്ട്.