പുഷ്പ 2 പ്രീമിയർ അപകടം; അല്ലു അര്‍ജുന്‍ ചോദ്യം ചെയ്യലിന് ഹാജരായി

അസിസ്റ്റന്റെ പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അല്ലു അര്‍ജുനെ ചോദ്യം ചെയ്യുന്നത്.

author-image
Subi
New Update
arj

ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രീമിയർ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുന്‍ പൊലീസിന് മുന്നില്‍ ഹാജരായി. രാവിലെ 11 മണിയോടെ ചിക്കഡ്പള്ളി പൊലീസ് സ്റ്റേഷനിലാണ് താരം ചോദ്യം ചെയ്യലിന് ഹാജരായത്. പിതാവ് അല്ലു അരവിന്ദ്, അഭിഭാഷകന്‍ അശോക് റെഡ്ഡി എന്നിവരോടൊപ്പമാണ് അല്ലു അര്‍ജു എത്തിയത്

 

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിലാണ് നടനെതിരെ കേസെടുത്തിട്ടുള്ളത്. ഡിസംബര്‍ 4നു ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലായിരുന്നു സംഭവം. സംഭവത്തിൽ ഡിസംബര്‍ 13ന് അറസ്റ്റിലായ നടന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

അസിസ്റ്റന്റെ പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അല്ലു അര്‍ജുനെ ചോദ്യം ചെയ്യുന്നത്. സിനിമ റിലീസ് ചെയ്ത ദിവസം അപകടമുണ്ടായ സന്ധ്യ തിയേറ്റര്‍ സന്ദര്‍ശിക്കാന്‍ തിയേറ്റര്‍ മാനേജ്‌മെന്റില്‍ നിന്നും മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നോ, തിയേറ്റര്‍ സന്ദര്‍ശിക്കാന്‍ താരത്തിനോ അദ്ദേഹത്തിന്റെ പബ്ലിക് റിലേഷന്‍സ് ടീമിനോ പൊലീസിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘം ചോദിച്ചറിയും.

 

തിയേറ്ററിലെ അവസ്ഥയെക്കുറിച്ച് നടന്റെ പബ്ലിക് റിലേഷന്‍സ് ടീം മുന്‍കൂട്ടി പറഞ്ഞിരുന്നോ?, തിയേറ്റര്‍ സന്ദര്‍ശനത്തിനായി ഏര്‍പ്പാടാക്കിയ ബൗണ്‍സര്‍മാരുടെ എണ്ണം തുടങ്ങിയവയും പൊലീസ് ആരായും. യുവതി തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തില്‍ നടന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് പൊലീസ് ആരോപിക്കുന്നത്. ചോദ്യം ചെയ്യലിനു മുമ്പായി യുവതിയുടെ കുടുംബത്തിന് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ 50 ലക്ഷം രൂപ കൈമാറി. അല്ലു അര്‍ജുന്‍ നേരത്തെ സഹായമായി പ്രഖ്യാപിച്ചിട്ടുള്ളത് 25 ലക്ഷം രൂപയാണ്.

 

pushpa 2 allu arjun