പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുനെതിരേ കേസ്. മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് അല്ലു അര്‍ജുന്‍ ബുധനാഴ്ച രാത്രി ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലെത്തിയത്. ഇതോടെ നടനെ കാണാന്‍ ആളുകള്‍ ഇരച്ചെത്തിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഹൈദരാബാദ് ദില്‍സുഖ്‌നഗര്‍ സ്വദേശി രേവതിക്ക് (39) ജീവന്‍ നഷ്ടമായത്. സംഭവത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നടനെതിരേ വ്യാഴാഴ്ച പോലീസ് കേസെടുത്തിരിക്കുന്നത്. മരിച്ച രേവതിയുടെ മകന്‍ തേജ് (9) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിച്ച യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎന്‍എസിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നു പോലീസ് പറഞ്ഞു. ഒരാളുടെ മരണത്തിനും മറ്റുള്ളവര്‍ക്ക് പരുക്കേല്‍ക്കുന്നതിനും ഇടയാക്കിയ അനിയന്ത്രിതമായ സാഹചര്യത്തിന് ഉത്തരവാദികളായ എല്ലാ വ്യക്തികള്‍ക്കെതിരെയും നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കൂടുതല്‍ സൗകര്യം ഒരുക്കാത്തതില്‍ തിയേറ്റര്‍ മാനേജ്‌മെന്റിന് പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്.
അല്ലു അര്‍ജുന്‍ തിയേറ്റര്‍ സന്ദര്‍ശിക്കുമെന്ന് തിയേറ്റര്‍ മാനേജ്‌മെന്റിന്റെയോ അഭിനേതാക്കളുടെ ടീമിന്റെയോ ഭാഗത്ത് നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ സിവി ആനന്ദ് പ്രസ്താവനയില്‍ പറഞ്ഞു. തിയേറ്റര്‍ മാനേജ്‌മെന്റിന് അല്ലു അര്‍ജുന്‍ വരുന്ന കാര്യം നേരത്തേ അറിയാമായിരുന്നിട്ടും നടനും സംഘത്തിനും തിയേറ്ററിലേക്ക് പ്രവേശിക്കാനോ പുറത്തിറങ്ങാനോ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി ബുധനാഴ്ച രാത്രി 11 മണിക്ക് ആരാധകരുടെ വലിയനിര തന്നെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിനു മുന്നിലുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിനൊപ്പം അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനായി തിയേറ്ററിലേക്കെത്തിയത്. ഇതോടെ താരത്തെ കാണാന്‍ ആരാധകര്‍ ഉന്തും തള്ളുമായി. ഉന്തിലും തള്ളിലും തിയേറ്ററിന്റെ പ്രധാന ഗേറ്റ് തകര്‍ന്നു. ആരാധകരുടെ ആവേശം അതിരുകടന്നതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തിവീശി. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതിക്ക് ജീവന്‍ നഷ്ടമായത്.
തിയേറ്ററിലേക്ക് കടക്കാന്‍ ശ്രമിച്ച രേവതിയും തേജും ഇതോടെ ശ്വാസം മുട്ടി ബോധരഹിതരായി വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇരുവര്‍ക്കും സിപിആര്‍ നല്‍കിയ ശേഷം ഉടന്‍ തന്നെ ദുര്‍ഗാഭായ് ദേശ്മുഖ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ചായിരുന്നു രേവതിയുടെ മരണം. ഗുരുതരമായി പരിക്കേറ്റ തേജിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ബേഗംപേട്ടിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.