/kalakaumudi/media/media_files/2025/12/03/putin-2025-12-03-13-54-06.jpg)
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യ ഒരുങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ അത്താഴവിരുന്ന്, ഉഭയകക്ഷി ചര്‍ച്ചകള്‍, രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒരുക്കുന്ന വിരുന്ന് എന്നിവയാണ് സന്ദര്‍ശനത്തിലെ പ്രധാന പരിപാടികള്‍. 2022 ഫെബ്രുവരിയില്‍ ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം പുടിന്‍ ആദ്യമായാണ് ഇന്ത്യാ സന്ദര്‍ശനത്തിന് എത്തുന്നത്.
പരിപാടികള്‍ ഇങ്ങനെ:
ഡിസംബര്‍ 4 (വ്യാഴാഴ്ച): പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ വച്ച് പുടിനായി സ്വകാര്യ അത്താഴവിരുന്ന് ഒരുക്കും. 2024 ജൂലൈയില്‍ മോസ്‌കോയില്‍ വച്ച് മോദിക്ക് ലഭിച്ച ആതിഥേയത്വത്തിനുള്ള പ്രത്യുപകാരമായാണ് ഈ വിരുന്നിനെ കണക്കാക്കുന്നത്.
ഡിസംബര്‍ 5 (വെള്ളിയാഴ്ച): രാവിലെ രാഷ്ട്രപതി ഭവനില്‍ പുടിന് ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് ഹൈദരാബാദ് ഹൗസില്‍ വച്ച് മോദിയും പുടിനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. അതിനുശേഷം ഇരു നേതാക്കളും ഭാരത് മണ്ഡപത്തിലേക്ക് പോകും. അവിടെ വച്ച് ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും റഷ്യന്‍ സര്‍ക്കാരിന്റെ പിന്തുണയുള്ള 'റഷ്യ ടുഡേ'യുടെ ഇന്ത്യാ ഓപ്പറേഷന്‍സ് ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
സന്ദര്‍ശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒരുക്കുന്ന വിരുന്നോടെയാണ് പ്രധാന പരിപാടികള്‍ക്ക് സമാപനമാവുക.
ചര്‍ച്ചാവിഷയങ്ങള്‍
പ്രതിരോധ സഹകരണം, റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കല്‍ എന്നിവ ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രധാനമാണ്. കൂടാതെ, ചെറുകിട മോഡുലാര്‍ റിയാക്ടര്‍ സാങ്കേതികവിദ്യ പങ്കുവെക്കുന്നതുള്‍പ്പെടെയുള്ള സിവില്‍ ആണവ സഹകരണവും നിലവിലുള്ള ആണവനിലയങ്ങളുടെ പൂര്‍ത്തീകരണവും അജണ്ടയിലുണ്ട്.
വ്യാപാര, സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി യൂറേഷ്യന്‍ ഇക്കണോമിക് യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ക്ക് ഊന്നല്‍ നല്‍കും. നിര്‍മ്മാണം, ആരോഗ്യം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ ഇന്ത്യന്‍ വിദഗ്ധര്‍ക്ക് റഷ്യയില്‍ ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ലേബര്‍ മൊബിലിറ്റി കരാര്‍ ഇതിനകം അന്തിമരൂപത്തിലായിട്ടുണ്ട്. വ്യാപാര ഇടനാഴികളും കടല്‍ മാര്‍ഗങ്ങളും ചര്‍ച്ചാവിഷയമാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
