rahul gandhi
ന്യൂഡല്‍ഹി: വിവിധ മന്ത്രാലയങ്ങളിലെ പ്രധാന തസ്തികകളില്‍ കോണ്‍ട്രാക്ട് -ലാറ്ററല്‍ എന്‍ട്രി നിയമനങ്ങള്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യുപിഎസ്‌സിക്ക് പകരം ആര്‍എസ്എസ് വഴി സര്‍ക്കാര്‍ ജോലികളില്‍ ആളെ കയറ്റി, പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയെ ആക്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
സര്‍ക്കാരിന്റേത് സംവരണം തട്ടിയെടുക്കാനുള്ള നീക്കമാണെന്നും ഉന്നത തസ്തികകളില്‍ നിന്നും പിന്നാക്ക വിഭാഗങ്ങളെ തഴയുകയാണെന്നും രാഹുല്‍ ആരോപിച്ചു.സ്വകാര്യ മേഖലയില്‍ നിന്നുള്ള വ്യക്തിയെ സെബിയുടെ ചെയര്‍പേഴ്‌സണ്‍ ആക്കിയത് ഇതിന്റെ പ്രധാന ഉദാഹരണമാണെന്നും ഐഎഎസ് സ്വകാര്യ വത്കരിക്കുന്നത് സംവരണമില്ലാതാക്കാനുള്ള മോദിയുടെ ഗ്യാരണ്ടിയാണെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.