ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് സംസാരിച്ച കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പരാതിയിലാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 353 (2), 192, 196 വകുപ്പുകൾ പ്രകാരമാണ് കേസ്. രാഹുൽഗാന്ധിയെ ഭീകരവാദിയെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. രാഹുൽ യുഎസ് സന്ദർശിച്ചപ്പോൾ നടത്തിയ പരാമർശങ്ങളെ സംബന്ധിച്ചായിരുന്നു മന്ത്രിയുടെ പരാമർശം.
പഞ്ചാബിൽ നിന്നുള്ള ബിജെപി എംപിയാണ് രവ്നീത് സിങ് ബിട്ടു. കോൺഗ്രസ് വിട്ടാണ് ബിജെപിയിൽ ചേർന്നത്. റെയിൽവേ സഹമന്ത്രിയാണ്. മന്ത്രിയുടെ പ്രതികരണത്തിനെതിരെ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പിസിസികൾക്കു കത്തു നൽകി. ബിജെപി നേതാക്കളുടേതു നാക്കുപിഴയല്ലെന്നും ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും വേണുഗോപാൽ ആരോപിച്ചു.