ന്യൂഡല്‍ഹി: പാർലമെന്റിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ചു രാഹുൽ ഗാന്ധി.ഇന്ത്യന്‍ ഭരണഘടനയില്‍ ഭാരതീയമായ ഒന്നും ഇല്ലെന്ന വിഡി സവര്‍ക്കറുടെ വാക്കുകളെ ബിജെപി അംഗീകരിക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പാർലമെന്റിൽ ചോദിച്ചു. ഭരണഘടനയെ സംരക്ഷിക്കും എന്നു പറയുന്ന ബിജെപി സവര്‍ക്കറെ കളിയാക്കുകയാണോയെന്നും രാഹുല്‍ ചോദിച്ചു. ഭരണഘടനയുടെ ചെറിയ പതിപ്പ് കയ്യില്‍ പിടിച്ചു കൊണ്ട് ലോക്‌സഭയില്‍ നടന്ന ഭരണഘടനാ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"നമ്മുടെ ഭരണഘടയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. മനു സ്മൃതി ഉപയോഗിച്ച് ഭരണഘടനയെ മറികടക്കണമെന്നു സവർക്കർ വിശ്വസിച്ചിരുന്നു മനു സ്മൃതിക്കായാണ് സവര്‍ക്കര്‍ എന്നും വാദിച്ചത്. വേദങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ഹിന്ദുക്കള്‍ ആരാധിക്കേണ്ടത് മനുസ്മൃതിയെ ആണ് എന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. നിങ്ങളിപ്പോള്‍ ഭരണഘടനയെ സംരക്ഷിക്കും എന്നു പറയുന്നു. അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ നേതാവിന്‍റെ വാക്കുകളെ തള്ളിപ്പറയുകയാണോ? ഭരണഘടനയെ സംരക്ഷിക്കും എന്നു പറയുമ്പോള്‍ നിങ്ങള്‍ സവര്‍ക്കറെ കളിയാക്കുകയാണെന്ന്," ബിജെപിയെ ഉന്നമിട്ട് രാഹുല്‍ പറഞ്ഞു.
ഭരണ ഘടന ആധുനിക ഇന്ത്യയുടെ രേഖയാണ്. എന്നാല്‍ പൗരാണിക ഇന്ത്യയും അതിന്‍റെ ആശയങ്ങളും ഇല്ലായിരുന്നുവെങ്കില്‍ ഒരിക്കലും ഇങ്ങനെയൊരു ഭരണഘടന എഴുതാനാകുമായിരുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.
ബിജിപിയെ ദ്രോണാചാര്യരുമായി താരതമ്യപ്പെടുത്തി ഏകലവ്യൻ്റെ തള്ള വിരൽ മുറിച്ച പോലെയാണ് ഇന്നത്തെ ഇന്ത്യൻ യുവതയുടെ സ്ഥിതി എന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അദാനിക്ക് അവസരം നൽകിയും, ലാറ്ററൽ എൻട്രി അവസരം നൽകിയും രാജ്യത്തെ യുവാക്കൾക്ക് അവസരം ഇല്ലാതാക്കുകയാണ്. കർഷകരുടെ വിരൽ മുറിക്കുന്നു. ഇന്നത്തെ മുദ്ര വിരൽ നഷ്ടപ്പെട്ട കൈയാണ്. ഭരണഘടനയിൽ എഴുതി വയ്ക്കാത്ത വിഷയങ്ങളാണ് താൻ ഉന്നയിക്കുന്നത്. ഭരണഘടനക്കൊപ്പം നീതി നിഷേധവും ചർച്ച ചെയ്യപ്പെടണമെന്നും രാഹുൽഗാന്ധി പറഞ്ഞു.
"സർക്കാർ ജോലികളിൽ ലാറ്ററൽ എൻട്രി കൊണ്ട് വരുന്നതിലൂടെ നിങ്ങൾ യുവാക്കളുടെയും പിന്നോക്ക വിഭാഗക്കാരുടെയും പാവപ്പെട്ടവരുടെയും പെരുവിരൽ മുറിക്കുകയാണ്." ഈ വർഷമാദ്യം കേന്ദ്ര മന്ത്രാലയങ്ങളിലെ ഉന്നത തസ്തികകളിലേക്ക് ലാറ്ററൽ പ്രവേശനത്തിന് അപേക്ഷകൾ തേടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തെ ചൊല്ലിയാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചതു.
ഭരണഘടനാ ശില്‍പ്പിയായ ഡോ.ബി ആര്‍ അംബേദ്കറോടുള്ള കോണ്‍ഗ്രസിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പാര്‍ലമെന്റില്‍ ഇന്നത്തെ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. പാര്‍ട്ടിഡോ.അംബേദ്കറെ അരികുവല്‍ക്കരിച്ചതായും അദ്ദേഹത്തിന്റെ സംഭാവനകളെ വളരെ വൈകിയാണ് തിരിച്ചറിഞ്ഞതെന്നും റിജിജു പറഞ്ഞു. പട്ടിക ജാതിക്കാരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് പകരം പ്രീണന രാഷ്ട്രീയത്തിലായിരുന്നു പ്രധാനമായും നെഹ്‌റുവിന്റെ ശ്രദ്ധയെന്നും റിജിജു ആരോപിച്ചു.