അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നടത്തുന്ന ആർഎസ്എസ്- മോദി വിരുദ്ധ പ്രസംഗങ്ങൾ ബിജെപി നേതാക്കളെ ചൊടിപ്പിച്ചു. വിദേശത്ത് പോയാൽ രാജ്യത്തെ അപമാനിക്കുന്നത് രാഹുൽ ഗാന്ധി പതിവാക്കുകയാണെന്നാണ് അമിത് ഷാ പ്രതികരിച്ചു. ഇപ്പോഴിതാ അമേരിക്കൻ ഡെമോക്രാറ്റിക് പാർട്ടി നേതാവും മിനസോട്ടയിൽനിന്നുള്ള കോൺഗ്രസ് അംഗവുമായ ഇൽഹാൻ ഒമറുമായി രാഹുൽ നടത്തിയ കൂടിക്കാഴ്ച ബിജെപി വൻ വിവാദമാക്കിയിരിക്കുകയാണ്.
ഇൽഹാൻ ഒമറുമായി രാഹുൽ നടത്തിയ കൂടിക്കാഴ്ച കടുത്ത ഇന്ത്യാ വിരുദ്ധയെന്നാണ് ബിജെപിയുടെ ആരോപണം. ഇൽഹാൻ ഉമർ- രാഹുൽ കൂടിക്കാഴ്ച ബിജെപിയെ ചൊടിപ്പിക്കുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ഇന്ത്യയിൽ മുസ്ലീങ്ങൾ വിവേചനത്തിനിരയാവുന്നു എന്ന കടുത്ത വിമർശനമുന്നയിക്കുന്ന ആളാണ് ഇൽഹാൻ ഒമർ. കേന്ദ്രസർക്കിനെതിരെയും ബിജെപിക്കെതിരെയും 2019 മുതൽ ഇൽഹാൻ ഒമർ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.
സൊമാലിയൻ വംശജയായ യുഎസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലീം വനിതയാണ് ഇൽഹാൻ ഒമർ. 2019ലായിരുന്നു ഇന്ത്യക്കെതിരായ ഇൽഹാൻ ഒമറിന്റെ ആദ്യ വിമർശനം. ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ ആഞ്ഞടിച്ച ഇൽഹാൻ, ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കത്തിന്റെ ഭാഗമാണിതെന്ന് വിമർശിച്ചു.
2022 ജൂണിൽ ഇൽഹാൻ ഒമർ പാകിസ്ഥാൻ സന്ദർശിച്ചു. അന്ന് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടക്കമുള്ള നേതാക്കളെ സന്ദർശിച്ച അവർ പാക് അധീന കശ്മീരിൽ സന്ദർശനം നടത്തുകയും ചെയ്തു. ഇതോടെ അവർ ഇന്ത്യയുടെ കണ്ണിലെ കരടായി. ഇൽഹാന്റെ നടപടി അപലപനീയമെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.
2022 ജൂണിൽ മതസ്വാതന്ത്ര്യം ലംഘിക്കുന്ന രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യുഎസ് കോൺഗ്രസിൽ ഇൽഹാൻ പ്രമേയം അവതരിപ്പിച്ചു. 2023 ൽ ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തിയപ്പോൾ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചിരുന്നു. അന്ന് മോദിയുടെ പ്രസംഗം ബഹിഷ്‌കരിച്ച് ഇൽഹാൻ പ്രതിഷേധമറിയിച്ചു. 2023 ൽ സെപ്റ്റംബറിൽ ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ചുള്ള കാനഡയുടെ അന്വേഷണത്തിന് അമേരിക്ക പൂർണപിന്തുണ നൽകണമെന്ന് ഇൽഹാൻ ആവശ്യപ്പെട്ടു. ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിക്കെതിരേയും ഇൽഹാൻ രംഗത്തെത്തിയിരുന്നു.
1990ൽ സൊമാലിയയിൽ യുദ്ധം ശക്തമായ കാലത്ത് തന്റെ എട്ടാം വയസിലാണ് ഇൽഹാനും കുടുംബവും അമേരിക്കയിലേക്ക് കുടിയേറിയത്. 1997ലാണ് മിനിയപോളിസിൽ എത്തിയത്. പോളിസി അനലിസ്റ്റ്, ഓർഗനൈസർ, അഭിഭാഷക, കമ്മ്യൂണിറ്റി എജ്യുക്കേറ്റർ, പോളിസി ഫെലോ അങ്ങനെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് ഇൽഹാൻ.