കവരപ്പേട്ട ട്രെയിൻ അപകടം: കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ​ഗാന്ധി

ട്രെയിൻ അപകടങ്ങളിൽ നിരവധി ജീവനുകൾ നഷ്ടമായിട്ടും സർക്കാർ ഒരു പാഠവും പഠിച്ചില്ലെന്ന് രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി.

author-image
Vishnupriya
New Update
vi

ന്യൂഡൽഹി: തമിഴ്നാട്ടിലെ ട്രെയിൻ അപകടത്തിൽ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. മുൻകാല അപകടങ്ങളിൽ നിന്ന് സർക്കാർ ഒന്നും പഠിച്ചില്ലെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. തിരുവള്ളൂർ കവരപ്പേട്ടയിൽ മൈസൂരു-ദർഭംഗ ബാഗ്മതി എക്സ്പ്രസ് തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്കാണ് പരിക്കേറ്റത്. നാലുപേരുടെ നില ​ഗുരുതരമാണ്.

ട്രെയിൻ അപകടങ്ങളിൽ നിരവധി ജീവനുകൾ നഷ്ടമായിട്ടും സർക്കാർ ഒരു പാഠവും പഠിച്ചില്ലെന്ന് രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. ഒഡിഷയിലെ ബാലസോർ തീവണ്ടി ദുരന്തത്തോടാണ് തമിഴ്നാട്ടിലെ ട്രെയിൻ അപകടത്തെ രാഹുൽ ​ഗാന്ധി ഉപമിച്ചത്. കേന്ദ്ര സർക്കാർ ഉണ‍ർന്ന് പ്രവർത്തിക്കാൻ ഇനി എത്ര കുടുംബങ്ങൾ കൂടി നശിക്കണമെന്നും അദ്ദേഹം ചോദിച്ചു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രാഹുൽ ​ഗാന്ധിയുടെ പ്രതികരണം.

വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടമുണ്ടായത്. അതിവേഗത്തിലായിരുന്നതിനാൽ ഇടിയുടെ ആഘാതത്തിൽ തീവണ്ടിയുടെ മൂന്നു കോച്ചുകൾക്ക് തീപിടിക്കുകയും 12 കോച്ചുകൾ പാളംതെറ്റുകയും ചെയ്തു.1,360 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. ട്രെയിൻ മെയിൻ ലൈൻ എടുക്കുന്നതിനുപകരം ലൂപ്പ് ലൈനിലേക്ക് മാറിയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നി​ഗമനം. അപകടത്തെക്കുറിച്ച് റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

rahul gandhi kavarappetta train accident