/kalakaumudi/media/media_files/2025/09/12/crpf-2025-09-12-08-17-13.jpg)
ന്യൂഡല്‍ഹി: സുരക്ഷാ വീഴ്ച ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിആര്‍പിഎഫ്. രാഹുല്‍ ഗാന്ധി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചെന്ന ചൂണ്ടിക്കാട്ടിയാണ് സിആര്‍പിഎഫ് ഡിജി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കു കത്തെഴുതിയത്.
മുന്‍കൂട്ടി അറിയിക്കാതെ വിദേശ യാത്ര നടത്തുന്നുവെന്നും രാഹുല്‍ ഗാന്ധിക്കെതിരായ പരാതിയില്‍ പറയുന്നു. അതേസമയം ബിജെപിക്കെതിരായ വോട്ടുകൊള്ള ആരോപണത്തില്‍ പുതിയ വെളിപ്പെടുത്തല്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരിക്കെ, സിആര്‍പിഎഫിനെ കരുവാക്കി തടയിടാനുള്ള നീക്കമാണിതെന്നു കോണ്‍ഗ്രസ് പ്രതികരിച്ചു. രാഹുലിനെ ഭീഷണിപ്പെടുത്താനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
മലേഷ്യന്‍ സന്ദര്‍ശനത്തിനിടെയുള്ള പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ ബിജെപി നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതില്‍ കോണ്‍ഗ്രസ് നേതൃത്വം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സെഡ് പ്ലസ് സുരക്ഷയുള്ള രാഹുലിന്റെ ചിത്രങ്ങള്‍ എങ്ങനെ പിന്തുടര്‍ന്ന് എടുക്കുന്നു എന്നതായിരുന്നു ചോദ്യം.
ഇതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്കും സിആര്‍പിഎഫ് ഡിജി കത്തയച്ചത്. പത്തിലേറെ സായുധ കമാന്‍ഡോകള്‍ രാഹുലിനൊപ്പം ഉണ്ട്. രാഹുല്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ മുന്‍കൂര്‍ നിരീക്ഷണം അടക്കം സിആര്‍പിഎഫിന്റെ ചുമതലയാണ്.
വിദേശ സന്ദര്‍ശനങ്ങളെക്കുറിച്ചു മുന്‍കൂര്‍ അറിയിപ്പു നല്‍കുന്നില്ല. സ്വദേശത്ത് അപ്രതീക്ഷിതമായി ചില സന്ദര്‍ശനങ്ങള്‍ നടത്തുന്നു. ബിഹാറിലെ വോട്ടവകാശ യാത്രയിലും മറ്റും രാഹുല്‍ അപ്രതീക്ഷിത സ്ഥലങ്ങളില്‍ ഇറങ്ങിയതും ആള്‍ക്കൂട്ടത്തിനിടയിലേക്ക് കടന്നതും കണക്കിലെടുത്താണ് മുന്നറിയിപ്പെന്നും സിആര്‍പിഎഫ് പറയുന്നു.