/kalakaumudi/media/media_files/2025/09/01/rahul-2025-09-01-18-00-56.jpg)
പട്‌ന: വോട്ട് മോഷണവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് കോണ്‍ഗ്രസ് എംപിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. മഹാദേവപുരത്ത് പൊട്ടിച്ചത് വെറുമൊരു 'അണുബോംബ്' മാത്രമാണെന്നും, ഉടന്‍ തന്നെ 'ഹൈഡ്രജന്‍ ബോംബ്' വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് പാറ്റ്നയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ശക്തികള്‍ ഇപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വോട്ടര്‍മാരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം സൃഷ്ടിക്കുന്നതിനും വോട്ട് മോഷണം, വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ എന്നിവക്കെതിരെ പ്രതിഷേധിക്കുന്നതിനുമായിട്ടാണ് 16 ദിവസം നീണ്ടുനിന്ന ഈ യാത്ര സംഘടിപ്പിച്ചത്. ഡോ. ബിആര്‍ അംബേദ്കറിന്റെയും മഹാത്മാഗാന്ധിയുടെയും ഭരണഘടന നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഞങ്ങള്‍ അനുവദിക്കില്ല. ഈ യാത്രക്ക് ഞങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ബിഹാറിലെ ഓരോ യുവാവും കുട്ടികളും ഞങ്ങളോടൊപ്പം നിന്നു.
ബിജെപിയോട് എനിക്ക് ഒന്നേ പറയാനുള്ളൂ, ഞങ്ങള്‍ മഹാദേവപുരത്ത് അണുബോംബ് മാത്രമാണ് കാണിച്ചത്, എന്നാല്‍ ഉടന്‍ തന്നെ ഞങ്ങള്‍ ഹൈഡ്രജന്‍ ബോംബുമായി വരും. നിങ്ങളുടെ സത്യങ്ങള്‍ രാജ്യത്തിന് മുന്നില്‍ തുറന്നു കാട്ടും. ഹൈഡ്രജന്‍ ബോംബ് പൊട്ടിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ട് മോഷണം എന്നാല്‍ അവകാശങ്ങള്‍, സംവരണം, തൊഴില്‍, വിദ്യാഭ്യാസം, ജനാധിപത്യം എന്നിവയുടെ മോഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍ പട്ടികയോ വിഡിയോ ദൃശ്യങ്ങളോ നല്‍കുന്നില്ല. ഇവര്‍ നിങ്ങളുടെ റേഷന്‍ കാര്‍ഡും ഭൂമിയും അദാനിക്കും അംബാനിക്കും നല്‍കുമെന്നും അദ്ദേഹം ആരോപിച്ചു. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ ഈ യാത്ര ഓഗസ്റ്റ് 17ന് സാസ്രാമില്‍ നിന്നാണ് ആരംഭിച്ചത്. രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവിനൊപ്പമാണ് യാത്ര തുടങ്ങിയത്. പിന്നീട് ഔറംഗാബാദ്, ഗയ, സിവന്‍ ഉള്‍പ്പെടെ 25 ജില്ലകളിലൂടെ യാത്ര കടന്നുപോയി.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ യൂസഫ് പഠാന്‍, ലലിതേഷ് പതി ത്രിപാഠി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഐ (എംഎല്‍) ജനറല്‍ സെക്രട്ടറി ദിപങ്കര്‍ ഭട്ടാചാര്യ, കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങി നിരവധി 'ഇന്ത്യ' സഖ്യകക്ഷി നേതാക്കള്‍ വിവിധ ഘട്ടങ്ങളില്‍ യാത്രയില്‍ പങ്കെടുത്തു.