ഭരണഘടനയെ രക്ഷിക്കാനുള്ള യുദ്ധം തുടങ്ങി: രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പുകളില്‍ വ്യാപകമായി കള്ളവോട്ട് നടക്കുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ ഇന്ത്യാ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിലും ജയിക്കുമെന്നായിരുന്നു പ്രവചനം.

author-image
Biju
New Update
RAHUL

സാസറാം: ആര്‍എസ്എസും ബിജെപിയും ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ഭരണഘടനയെ രക്ഷിക്കാനുള്ള യുദ്ധമാണ് നടക്കുന്നതെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 'വോട്ടുകൊള്ള'യും ബിഹാര്‍ വോട്ടര്‍ പട്ടികയിലെ വെട്ടിനിരത്തലും ഉയര്‍ത്തിക്കാട്ടി നടത്തുന്ന 'വോട്ടര്‍ അധികാര്‍ യാത്ര'യ്ക്ക് തുടക്കമിട്ട് സാസറാമില്‍ നടന്ന വന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

തിരഞ്ഞെടുപ്പുകളില്‍ വ്യാപകമായി കള്ളവോട്ട് നടക്കുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ ഇന്ത്യാ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിലും ജയിക്കുമെന്നായിരുന്നു പ്രവചനം. 

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ക്കുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പക്ഷേ ബിജെപി നേട്ടമുണ്ടാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഒരുകോടി പുതിയ വോട്ടര്‍മാര്‍ അധികമായി വന്നു. അവരുടെ വോട്ടെല്ലാം ബിജെപിക്കു പോയി. ലോക്‌സഭയില്‍ ലഭിച്ച വോട്ട് കോണ്‍ഗ്രസിനു നിയമസഭയിലും ലഭിച്ചു. ഒരു വോട്ടും കുറഞ്ഞില്ല.

കള്ളവോട്ട് പരിശോധിക്കാന്‍ വിഡിയോ കാണിക്കാന്‍ കോണ്‍ഗ്രസ് പറഞ്ഞപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരസിച്ചു. കോണ്‍ഗ്രസ് രേഖകള്‍ പരിശോധിച്ചു. ഒരു നിയമസഭാ മണ്ഡലത്തില്‍ ഒരു ലക്ഷം കള്ളവോട്ട് നടന്നെന്നു കണ്ടെത്തി. ബിഹാറിലും അതിനാണ് ബിജെപി ശ്രമിക്കുന്നത്. 

ഈ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടത്താന്‍ അവരെ അനുവദിക്കില്ല. പാവപ്പെട്ടവരുടെ കയ്യിലുള്ളത് വോട്ടുമാത്രമാണ്. അത് തട്ടിയെടുക്കാന്‍ സമ്മതിക്കില്ല. കള്ളവോട്ട് എവിടെയെല്ലാം നടക്കുന്നോ അവിടെയെല്ലാം അത് തുറന്നു കാണിക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

16 ദിവസത്തെ രാഹുലിന്റെ യാത്രയില്‍ 24 ജില്ലകളും 60 നിയമസഭ മണ്ഡലങ്ങളും പിന്നിടും. സെപ്റ്റംബര്‍ ഒന്നിനു പട്‌ന ഗാന്ധി ൈമതാനിയില്‍ വന്‍ റാലിയോടെ സമാപിക്കും. 1300 കിലോമീറ്റര്‍ ദൂരമാണു സഞ്ചരിക്കുന്നത്. പദയാത്രയോടെ സംസ്ഥാനത്തു കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമാകും. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബറില്‍ നടക്കാനിരിക്കെ സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ നിന്ന് 65 ലക്ഷത്തോളം പേരുകളാണു നീക്കം ചെയ്യപ്പെട്ടത്.

rahul gandhi