/kalakaumudi/media/media_files/2024/11/21/JB7pEQQwFQFnQDH06gTF.jpg)
വന്ദേഭാരത്, രാജധാനി, ശതാബ്ദി തുടങ്ങിയ പ്രീമിയം തീവണ്ടികളുടെ സര്‍വീസുകള്‍ വര്‍ധിപ്പിക്കാനാണ് റെയില്‍വെയുടെ തീരുമാനം. മറ്റ് എക്‌സ്പ്രസ് തീവണ്ടികളില്‍ എ.സി. കോച്ചുകളുടെ എണ്ണം കൂട്ടിയും 30 മുതല്‍ 60 ശതമാനംവരെ വരുമാനവര്‍ധനയാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. വന്ദേഭാരത്, രാജധാനി, ശതാബ്ദി, ഗതിമാന്‍ തീവണ്ടികളില്‍ കോച്ചുകളുടെ എണ്ണവും കൂട്ടും. എല്ലാ എക്‌സ്പ്രസ് തീവണ്ടികളിലും എ.സി. കോച്ചുകളുടെ എണ്ണം ഘട്ടംഘട്ടമായി പകുതിയോളമായി വര്‍ധിപ്പിക്കും. വന്ദേഭാരത് സര്‍വീസുകളില്‍ പരമാവധി കോച്ചുകള്‍ ഉള്‍പ്പെടുത്തിയും സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചും 2024-25 സാമ്പത്തികവര്‍ഷത്തില്‍ 30 ശതമാനം വരുമാനവര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ഇതുവരെ 698 കോടി രൂപയുടെ വരുമാനമാണ് വന്ദേഭാരതിലൂടെ ലഭിച്ചത്. അടുത്ത സാമ്പത്തികവര്‍ഷത്തില്‍ 987 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ വന്ദേഭാരത് സ്ലീപ്പര്‍ തീവണ്ടികള്‍ അടുത്ത സാമ്പത്തികവര്‍ഷത്തില്‍ ട്രാക്കിലിറങ്ങുന്നതോടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു. അതേസമയം, സ്ലീപ്പര്‍ക്ലാസ്, ജനറല്‍ കോച്ചുകളിലൂടെ നടപ്പുസാമ്പത്തികവര്‍ഷത്തില്‍ 34,000 കോടി രൂപയുടെ വരുമാനമാണ് കണക്കാക്കിയിരുന്നതെങ്കിലും ഇതുവരെ 31,638 കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും റെയില്‍വേ അറിയിച്ചു.