rain alert
ശക്തമായ കാറ്റിലും മഴയിലും ഹൈദരാബാദില്‍ വ്യാപക നാശനഷ്ടം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായാണ് ഹൈദരാബാദില്‍ മഴ ലഭിച്ചത്. ഉച്ചതിരിഞ്ഞാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. ഇതേ തുടര്‍ന്ന് വിവിധ അപകടങ്ങളിലായി 13 മരണങ്ങള്‍ സംഭവിച്ചു. നാഗര്‍കുര്‍ണൂല്‍ ജില്ലയില്‍ മാത്രം ഏഴു പേര്‍ മരിച്ചു. കാറ്റിലും മഴയിലും ഷെഡ് തകര്‍ന്ന് അച്ഛനും മകളുമടക്കം നാല് പേരും ഇടിമിന്നലേറ്റ് രണ്ട് പേരും ഒരു ഡ്രൈവറുമാണ് ജില്ലയില്‍ മരിച്ചത്. ഹൈദരാബാദില്‍ നാലുപേരും മേഡക്കില്‍ രണ്ടുപേരും മരിച്ചു.പല ജില്ലകളിലും വന്‍ മരങ്ങളും വൈദ്യുതത്തൂണുകളും ഒടിഞ്ഞുവീണ് പലയിടത്തും ഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്ത് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ശക്തമായ കാറ്റില്‍ വീടുകളിലെയും റോഡുകളിലെയും സാധനങ്ങള്‍ ചിതറിവീണു. നാഗര്‍കുര്‍ണൂല്‍ ജില്ലയിലാണ് മഴ ശക്തമായി പെയ്തത്. രംഗറെഡ്ഡി, മെഡ്ചല്‍ മല്‍ക്കാജ്ഗിരി ജില്ലകളില്‍ പലയിടത്തും ശക്തമായ കാറ്റ് അനുഭവപ്പെട്ടു. നല്‍ഗൊണ്ട ജില്ലയിലെ ഘാന്‍പൂര്‍, ഇബ്രാഹിംപേട്ട്, ഗുര്‍റാംപോട് മണ്ഡലങ്ങളിലും അതിശക്തമായ മഴ അനുഭവപ്പെട്ടു.