/kalakaumudi/media/media_files/2025/08/14/hima-2025-08-14-11-42-37.jpg)
ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും. ഷിംല, ലഹൗള്‍, സ്പിതി ജില്ലകളിലെ ഒട്ടേറെ പാലങ്ങള്‍ ഒലിച്ചുപോയി. ഇവിടങ്ങളിലെ രണ്ട് ദേശീയപാതകളടക്കം മുന്നൂറോളം റോഡുകള്‍ അടച്ചു. സത്ലജ് നദിക്കു കുറുകെയുള്ള പാലവും മുങ്ങിയതായാണ് റിപ്പോര്‍ട്ട്. ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തിറങ്ങി. ഇതുവരെ നാലു പേരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു.
കിന്നാവുര്‍ ജില്ലയിലെ ഋഷി ഡോഗ്രി താഴ്വരയ്ക്ക് സമീപമുണ്ടായ മേഘവിസ്‌ഫോടനമാണ് മിന്നല്‍ പ്രളയത്തിനു കാരണമായത്. ദുര്‍ഘടമായ ഭൂപ്രദേശവും മോശം കാലാവസ്ഥ തുടരുന്നതും രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കുന്നുണ്ട്. ഗന്‍വി മേഖലയില്‍ ഒരു പൊലീസ് പോസ്റ്റ് ഒലിച്ചുപോയി. ബസ് സ്റ്റാന്‍ഡും സമീപത്തുണ്ടായിരുന്ന കടകള്‍ക്കും കേടുപാടുകളുണ്ടായി. രണ്ട് പാലങ്ങള്‍ ഒലിച്ചുപോയതോടെ ഷിംല ജില്ലയിലെ കൂട്ട്, ക്യാവ് മേഖലകള്‍ ഒറ്റപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുകയാണ്. ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ ഗാസിയാബാദ്, ഗുരുഗ്രാം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. 17 വരെ മഴ തുടരുമെന്നാണ് പ്രവചനം. ഉത്തര്‍പ്രദേശില്‍ ബറേലി, ലഖിംപുര്‍, പിലിഭിട്ട്, ഷാജഹാന്‍പുര്‍, ബഹ്‌റൈച്ച്, സിതാപുര്‍, ശ്രാവസ്തി, ബല്‍റാംപുര്‍, സിദ്ധാര്‍ഥ് നഗര്‍, ഗോണ്ട, മഹാരാജ് ഗഞ്ച് എന്നിവിടങ്ങളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി. മഴയില്‍ ലക്‌നൗ നഗരവും വെള്ളത്തിലായി.