Part of a three storey building is washed away in flash floods in the Uttarkashi district, Uttarakhand
ഡൽഹി: ഉത്തരേന്ത്യയിലെ മഴക്കെടുതിയിൽ 7 സംസ്ഥാനങ്ങളിലായി മരണപ്പെട്ടവരുടെ എണ്ണം 32 ആയി ഉയർന്നു. 24 മണിക്കൂറിനിടെയാണ് 32 മരണം. ഉത്തരാഖണ്ഡിൽ മാത്രം 12 പേരാണ് മഴക്കെടുതിയിൽ മരണപ്പെട്ടത്.
കേദാർനാഥിലേക്കുള്ള തീർത്ഥാടക പാതയിലടക്കം കുടുങ്ങിയവരെ ഹെലികോപ്റ്ററിൽ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുന്നതായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.അതെസമയം കേദാർനാഥിലേക്കുള്ള യാത്ര താൽകാലികമായി നിരോധിച്ചിരിക്കുകയാണ്.
അതെസമയം ഹിമാചൽ പ്രദേശിൽ മൂന്ന് ഇടങ്ങളിലായുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേരാണ് മരണപ്പെട്ടത്.ഷിംലയിൽ അൻപതിലധികം പേരെ കാണാതായതയാണ് റിപ്പോർട്ട്.മണാലിയിലേക്കുള്ള റോഡ് തകർന്ന് മേഖല ഒറ്റപ്പെട്ടു.കുളുവിൽ നദീതീരത്തെ മൂന്ന് നില കെട്ടിടം തകർന്ന് വീണ് ഒലിച്ചുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചു. സൈന്യത്തെ അയക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഹെലികോപ്റ്ററുകളടക്കം എത്തിച്ച് കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ശ്രമം.
ഡൽഹിയിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം പത്തായി. മരിച്ചവരിൽ ചെറിയ കുട്ടിയും ഉൾപ്പെടും. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഡൽഹിയിലേക്കുള്ള പത്ത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡൽഹിയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.