ചെന്നൈ : ചെന്നൈ നഗരത്തില്‍ മഴക്കെടുതി തുടരുന്നു.ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ് നഗരം.ചൊവ്വാഴ്ചയും തമിഴ്‌നാട്ടില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ദേശീയപാതയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടു. പ്രളയത്തെ തുടര്‍ന്ന് പല ട്രെയിനുകളും വഴിതിരിച്ചുവിട്ടു. ചില സര്‍വീസുകള്‍ റദ്ദാക്കി.
ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 21 പേരാണ് മരിച്ചത്. തിരുവണ്ണാമലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി. സേലത്തെ വിനോദസഞ്ചാര കേന്ദ്രമായ യേര്‍ക്കാടിലും ഉരുള്‍പൊട്ടി.കൃഷ്ണഗിരിയില്‍ നിര്‍ത്തിയിട്ട ബസുകള്‍ ഒലിച്ചുപോയി. വിഴുപ്പുറം ജില്ലയിലെ നദികള്‍ കരകവിഞ്ഞു. ഇതോടെ ചെന്നൈയില്‍ നിന്ന് തെക്കന്‍ ജില്ലകളിലേക്കുള്ള യാത്ര തടസ്സപ്പെട്ടു. ഇവിടെ കെട്ടിടങ്ങളും വെളളത്തിനടിയിലാണ്.
തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി. അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കനത്ത മഴയ്ക്ക് പിന്നാലെ തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കൂറ്റന്‍ പാറക്കല്ലുകളും വീണ്ടും മണ്ണിടിയുമെന്ന ഭീഷണിയും തിരച്ചിലിന് തിരിച്ചടിയായി.പുതുച്ചേരിയില്‍ കനത്ത മഴയാണ് ലഭിച്ചത്. 24 മണിക്കൂറില്‍ 48.4 സെന്റീമീറ്റര്‍ മഴയാണ് പെയ്തത്. മഴക്കെടുതിയില്‍ 6 പേര്‍ മരിച്ചു. ജനവാസ കേന്ദ്രങ്ങള്‍ വെളളത്തിനടിയിലാണ്.