'മാതോശ്രീ'യിലെത്തി രാജ് താക്കറെ; കളംമാറ്റത്തില്‍ കണ്ണുനട്ട് മഹാരാഷ്ട്ര

2022ല്‍ ശിവസേന പിളര്‍ത്തിയ ഏക്‌നാഥ് ഷിന്‍ഡെ പ്രമുഖ നേതാക്കളെയെല്ലാം അടര്‍ത്തിമാറ്റി ബിജെപിയുമായി കൈകോര്‍ത്തതോടെ ഉദ്ധവിന്റെ ശക്തി കുറഞ്ഞിരുന്നു.

author-image
Biju
New Update
raj

മുംബൈ: ദേവേന്ദ്രഫട്‌നാവിസ് മുഖ്യമന്ത്രി ആയി എത്തിയതുമുതല്‍ മഹാരാഷ്ട്രയില്‍ പല കക്ഷികളില്‍ നിന്നും വിലപേശലിന്റെയും രാഷ്ട്രീയ കളമാറ്റത്തിന്റെയും നീക്കങ്ങള്‍ കണ്ടുതുടങ്ങിയതാണ്. ഇപ്പോഴിതാ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ 13 വര്‍ഷത്തിനുശേഷം ബാല്‍താക്കറെയുടെ വസതിയായ 'മാതോശ്രീ'യിലെത്തിയിരിക്കുകയാണ്. ശിവസേനാ (ഉദ്ധവ് വിഭാഗം) അധ്യക്ഷന്‍  ഉദ്ധവ് താക്കറെയുടെ ജന്‍മദിനത്തില്‍ പങ്കെടുക്കാനായിരുന്നു സന്ദര്‍ശനം. 

ബാല്‍താക്കറെ 2012ല്‍ മരിച്ചപ്പോഴാണ് രാജ് അവസാനമായി മാതോശ്രീയിലെത്തിയത്. ശിവസേനയുടെ പിന്‍ഗാമിയെച്ചൊല്ലിയുള്ള ഭിന്നതകളെ തുടര്‍ന്നാണ് ഇരുവരും അകന്നത്. രണ്ടു പതിറ്റാണ്ടിനു ശേഷം ഇരുവരും ഈ മാസം ആദ്യം വേദി പങ്കിട്ടിരുന്നു. 15 ക്ലാസുകളില്‍ ഹിന്ദി അടിച്ചേല്‍പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഉദ്ധവും രാജും മറ്റു പ്രതിപക്ഷ കക്ഷികളും ചേര്‍ന്നു പരാജയപ്പെടുത്തിയതിന്റെ വിജയാഘോഷ പരിപാടിയിലാണു താക്കറെ സഹോദരങ്ങള്‍ ഏറെക്കാലത്തെ പിണക്കം മറന്ന് ഒന്നിച്ചത്. 

ശിവസേനാ സ്ഥാപകനായ ബാല്‍ താക്കറെയുടെ സഹോദരന്റെ പുത്രനാണു രാജ്. 2005ല്‍ മകന്‍ ഉദ്ധവിനെ പിന്‍ഗാമിയാക്കാന്‍ ബാല്‍ താക്കറെ തീരുമാനിച്ചതോടെ, രാജ് ശിവസേനയില്‍നിന്നു പടിയിറങ്ങുകയായിരുന്നു. 2006ല്‍ അദ്ദേഹം മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) രൂപീകരിച്ചെങ്കിലും തുടര്‍ന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു ശക്തി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.

അതിനിടെ, 2022ല്‍ ശിവസേന പിളര്‍ത്തിയ ഏക്‌നാഥ് ഷിന്‍ഡെ പ്രമുഖ നേതാക്കളെയെല്ലാം അടര്‍ത്തിമാറ്റി ബിജെപിയുമായി കൈകോര്‍ത്തതോടെ ഉദ്ധവിന്റെ ശക്തി കുറഞ്ഞിരുന്നു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയാണ് ഇതുവരെ ശത്രുവായി കരുതിയിരുന്ന രാജുമായി കൈകോര്‍ക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കുന്നത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകമായ മുംബൈയില്‍ തിരിച്ചടിയേറ്റാല്‍ ഉദ്ധവ് വിഭാഗത്തിനു രാഷ്ട്രീയത്തിലേക്കു പിന്നെയൊരു തിരിച്ചുവരവ് എളുപ്പമല്ല. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, രാഷ്ട്രീയത്തിലെ പുതിയൊരു കൂട്ടുകെട്ടിന്റെ തുടക്കമാകുമോയെന്നാണ് രാഷ്ട്രീയ നേതൃത്വം ഉറ്റുനോക്കുന്നത്.

മുംബൈ ബാന്ദ്ര ഈസ്റ്റിലാണ് താക്കറെ കുടുംബത്തിന്റെ അഞ്ചു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഭവനം. 1960ലാണ് ഉദ്ധവിന്റെ പിതാവ് ബാല്‍താക്കറെ ബാന്ദ്ര ഈസ്റ്റിലെ കലാനഗറില്‍ 'മാതോശ്രീ'ക്കായി സ്ഥലം കണ്ടെത്തുന്നത്. 1966 ജൂണ്‍ 19ന് റനാഡെ റോഡിലുള്ള താക്കറെ കുടുംബ വീട്ടിലാണ് ശിവസേനയുടെ ഉദയമെങ്കിലും പാര്‍ട്ടിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്കു കാരണമായ തീരുമാനങ്ങളെല്ലാമുണ്ടായത് മാതോശ്രീയിലാണ്.

Raj Thackeray