/kalakaumudi/media/media_files/2025/03/11/QbEYAp9xcUnhbkL3lBde.jpg)
ന്യൂഡല്‍ഹി : രാജ്യത്ത് മണ്ഡല പുനര്‍നിര്‍ണയം നടക്കുന്നതോടെ കേരളവും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമുള്ള സീറ്റുകളുടെ എണ്ണം വര്‍ധിക്കുമെന്നാണ് വിശ്വാസമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ദക്ഷിണേന്ത്യയില്‍ നിയമസഭാലോക്‌സഭാ സീറ്റുകളുടെ എണ്ണം കുറയുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനടക്കം പറഞ്ഞതിന് പിന്നാലെയാണ് രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം.
''മണ്ഡല പുനര്‍നിര്‍ണയം ആസൂത്രണം ചെയ്തതു പോലെ നടക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എം.കെ. സ്റ്റാലിന് എന്തെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍, അദ്ദേഹത്തിന് അവ ഉന്നയിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ബന്ധപ്പെട്ട അധികാരികള്‍ ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യും, ജുഡീഷ്യറിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
നിയമസഭയായാലും ലോക്സഭയായാലും, എല്ലാ സംസ്ഥാനങ്ങളിലും അതിര്‍ത്തി നിര്‍ണയത്തിന് ശേഷം സീറ്റുകളുടെ എണ്ണം സ്വാഭാവികമായും വര്‍ധിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ടായിരിക്കണം. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം എന്നിവിടങ്ങളിലും വര്‍ധനവുണ്ടാകുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. വടക്കേ ഇന്ത്യയ്ക്ക് മാത്രമേ പ്രയോജനം ലഭിക്കൂ എന്ന അവകാശവാദം ന്യായീകരിക്കാനാവില്ല'' രാജ്‌നാഥ് സിങ് പറഞ്ഞു.
മണ്ഡല പുനര്‍നിര്‍ണയത്തെ എതിര്‍ക്കാന്‍ എം.കെ. സ്റ്റാലിന്‍ ഏഴ് മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി ഒരു ദിവസത്തിന് ശേഷമാണ് രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം. കേന്ദ്ര നടപടി രാജ്യത്തിന്റെ ഫെഡറലിസത്തിനു നേര്‍ക്ക് നടക്കുന്ന ആക്രമണമാണെന്നു തുറന്നടിച്ചാണ് സ്റ്റാലിന്‍ 7 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചത്.
മാര്‍ച്ച് 22ന് ചെന്നൈയില്‍ വച്ച് നടക്കുന്ന ചര്‍ച്ചയിലേക്കാണ് മുഖ്യമന്ത്രിമാരെ ക്ഷണിച്ച് സ്റ്റാലിന്‍ കത്തയച്ചിരിക്കുന്നത്. 7 മുഖ്യമന്ത്രിമാര്‍ക്കു പുറമെ ഈ സംസ്ഥാനങ്ങളിലെ വിവിധ പാര്‍ട്ടി ഭാരവാഹികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേന്ദ്ര നടപടിയെ ചെറുക്കാന്‍ എല്ലാവരെയും ഉള്‍പ്പെടുത്തി ജോയിന്റ് ആക്ഷന്‍ കമ്മിറ്റിക്കു രൂപം നല്‍കാനാണ് സ്റ്റാലിന്റെ നീക്കം.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവര്‍ക്കാണ് കത്ത് അയച്ചിരിക്കുന്നത്.