/kalakaumudi/media/media_files/2025/07/28/rajnath-2025-07-28-15-32-08.jpg)
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ ഐതിഹാസികമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റിയുള്ള 16 മണിക്കൂര്‍ ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാണ്. 22 മിനിറ്റില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം കണ്ടു. ലക്ഷ്യം കണ്ടതോടെയാണ് ആക്രമണം നിര്‍ത്തിയത്. ഭയന്ന പാക്കിസ്ഥാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. പാക്കിസ്ഥാന്‍ തോല്‍വി സമ്മതിച്ചു. ഇന്ത്യയുടെ യുദ്ധ വിമാനങ്ങള്‍ സുരക്ഷിതമാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിക്കുന്നില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
രാജ്‌നാഥ് സിങ്ങിന്റെ പ്രസംഗത്തിനിടെ മധ്യസ്ഥരില്ലായിരുന്നോ എന്ന് പ്രതിപക്ഷം ചോദിച്ചു. ബാഹ്യസമ്മര്‍ദമില്ലെന്നായിരുന്നു പ്രതിരോധമന്ത്രിയുടെ മറുപടി. എത്ര വിമാനങ്ങള്‍ വീണെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. നമ്മുടെ ഒരു സൈനിക കേന്ദ്രത്തെയും തൊട്ടിട്ടില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചുവെന്നും യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദത്തെ തള്ളിയാണ് പ്രതിരോധ മന്ത്രി പാര്‍ലമെന്റില്‍ സംസാരിച്ചത്.
രാജ്‌നാഥ് സിങ്ങിന്റെ വാക്കുകള്‍:
ഭാരതത്തിന്റെ യശസ്സുയര്‍ത്തിയ നടപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. സേനയുടെ മഹത്വവും ധീരതയും ലോകം അറിഞ്ഞു. സൈനിക ബലത്തെ നമിക്കുന്നു. കേവലമൊരു സൈനിക നടപടി മാത്രമായിരുന്നില്ല അത്. ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ച ധീരമായ നടപടിയായിരുന്നു. മതം ചോദിച്ച് വിനോദസഞ്ചാരികളെ കൊലപ്പെടുത്തുകയായിരുന്നു. 9 തീവ്രവാദ കേന്ദ്രങ്ങള്‍ കൃത്യമായി തകര്‍ത്തു. നൂറിലധികം ഭീകരരെ വധിച്ചു. ലഷ്‌കറെ തയിബ, ഹിസ്ബുള്‍ മുജാഹിദീന്‍ സംഘടനകളുടെ ആസ്ഥാനങ്ങള്‍ തകര്‍ത്തു. പാക്കിസ്ഥാന്‍ സൈന്യത്തിന്റെയും ഐസ്‌ഐയുടെയും പിന്തുണ അവര്‍ക്കുണ്ടായിരുന്നു. മേയ് 7ന് രാത്രി 1.05നാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യം ആരംഭിച്ചത്. പ്രധാനമന്ത്രി നടപടികള്‍ ഏകോപിപ്പിച്ചുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങളുമായി പാക്കിസ്ഥാന്‍ തിരിച്ചടിച്ചു. ഹനുമാന്‍ ലങ്കയില്‍ ചെയ്തപോലെയാണ് ഇന്ത്യ പ്രവര്‍ത്തിച്ചത്. കര,വായു,സേനകള്‍ ശക്തമായ മറുപടി നല്‍കി. ആധുനിക യുദ്ധസംവിധാനങ്ങള്‍ ഇന്ത്യ പ്രയോജനപ്പെടുത്തി. ഓപ്പറേഷന്‍ സിന്ദൂര്‍ പ്രതിരോധമായിരുന്നു, പ്രകോപനമായിരുന്നില്ല. തീവ്രവാദത്തോട് സന്ധിയില്ലെന്ന ശക്തമായ സന്ദേശം ആണ് രാജ്യം നല്‍കിയതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഇനിയൊരു പ്രകോപനമുണ്ടായാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വീണ്ടും നടത്തുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ''മേയ് 10ന് ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാന്റെ വിവിധ വ്യോതാവളങ്ങളെ ലക്ഷ്യമിട്ടപ്പോള്‍ അവര്‍ തോല്‍വി സമ്മതിച്ചു. വെടിനിര്‍ത്തലിന് ഇങ്ങോട്ട് ആവശ്യപ്പെട്ടു. നമ്മുടെ ഡിജിഎംഒയോട് അവര്‍ സംസാരിച്ചു. ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കുകയല്ല, താല്‍കാലികമായി നിര്‍ത്തിവയ്ക്കുക മാത്രമാണ് എന്നു മുന്നറിയിപ്പു അവര്‍ക്കു നല്‍കിയിരുന്നു. ഭാവിയില്‍ എന്തെങ്കിലും പ്രകോപനം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വീണ്ടും നടത്തും'' അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.
ഈ ദൗത്യം നടത്തിയത് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി നല്‍കുന്നതിനാണെന്നും രാജ്‌നാഥ് സിങ് ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു. ''അതിര്‍ത്തി കടക്കുകയോ സ്ഥലം പിടിച്ചെടുക്കുകയോ ആയിരുന്നില്ല ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യം. പാക്കിസ്ഥാന്‍ വര്‍ഷങ്ങളായി പരിപാലിച്ചുപോന്നിരുന്ന ഭീകര പരിശീലന കേന്ദ്രങ്ങള്‍ ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിന്റെ രാഷ്ട്രീയ സൈനിക ലക്ഷ്യം. ലക്ഷ്യ സ്ഥാനങ്ങള്‍ തിരഞ്ഞെടുക്കാന്‍ സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. യുദ്ധമാരംഭിക്കുക എന്നതായിരുന്നില്ല ലക്ഷ്യം. എന്നാല്‍ നമ്മുടെ ശത്രുവിന്റെ തലതാഴ്ത്താന്‍ സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരുന്നു'' അദ്ദേഹം പറഞ്ഞു.
നമ്മുടെ പ്രധാനപ്പെട്ട വസ്തുക്കള്‍ക്കൊന്നും നഷ്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ''സേനകള്‍ കൃത്യതയോടെയാണ് പ്രവര്‍ത്തിച്ചത്. പഹല്‍ഗാം ആക്രമണത്തിനുപിന്നാലെ ഒന്‍പത് ഭീകരകേന്ദ്രങ്ങളാണ് നമ്മുടെ സേനകള്‍ ആക്രമിച്ചത്. നൂറിലധികം ഭീകരരെയും പരിശീലകരെയുമാണ് ലക്ഷ്യമിട്ടത്. നമ്മുടെ എത്ര പോര്‍വിമാനങ്ങള്‍ വെടിവച്ചിട്ടുവെന്ന് ചില പ്രതിപക്ഷാംഗങ്ങള്‍ ചോദിക്കുന്നു. അവരുടെ ചോദ്യങ്ങള്‍ നമ്മുടെ ദേശീയ വികാരത്തെ പ്രതിനിധീകരിക്കുന്നതായി എനിക്കു തോന്നുന്നില്ല. ശത്രുക്കളുടെ എത്ര വിമാനങ്ങള്‍ നമ്മള്‍ വെടിവച്ചുവീഴ്ത്തിയെന്ന് അവര്‍ ചോദിച്ചില്ല. അവര്‍ക്ക് ചോദിക്കണമെങ്കില്‍ ഇന്ത്യ എത്ര ഭീകരര കേന്ദ്രങ്ങള്‍ നശിപ്പിച്ചെന്നോ നമ്മുടെ ധീര സൈനികര്‍ക്ക് എന്തെങ്കിലും സംഭവിച്ചോയെന്നോ ചോദിക്കാം. നമ്മുടെ ഒരു സൈനികനും ഒന്നും സംഭവിച്ചിട്ടില്ലെന്നും രാജ്‌നാഥ് സിങ് സഭയില്‍ പറഞ്ഞു.