ഖനിയിലെ ലിഫ്റ്റിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം
ജയ്‌പുർ: രാജസ്ഥാനിലെ ചെമ്പ് ഖനിയിൽ ലിഫ്റ്റ് തകർന്ന് 64 അടി താഴ്ചയിൽ അകപ്പെട്ടുപോയ 15 പേരിൽ ഒരാൾ മരിച്ചു. ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് കമ്പനിയിലെ ചീഫ് വിജിലൻസ് ഓഫിസർ ഉപേന്ദ്ര പാണ്ഡയാണു മരിച്ചത്. കൂടെയുണ്ടായിരുന്ന 14 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവരെ വിദഗ്ധ ചികിത്സക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ഉപേന്ദ്ര പാണ്ഡയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ നിന്നുമെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരും ഖനിയിലെ ജീവനക്കാരും ഉൾപ്പെടെ സംഘം രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ കോലിഹാൻ ഖനിയിൽ അകപ്പെട്ടത്. ഘട്ടംഘട്ടമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഓരോരുത്തരെയും പുറത്തെത്തിച്ചത്. മരിച്ച ഉപേന്ദ്ര പാണ്ഡെയുടെ മൃതദേഹവും പുറത്തെത്തിച്ചതായി രാജസ്ഥാൻ ദുരന്തനിവാരണ സംഘം അറിയിച്ചു.
ഖനിക്കകത്തു നടത്തിയ പരിശോധനക്കിടെ, 577 മീറ്റർ താഴ്ചയിലെത്തിയ ലിഫ്റ്റ് പൊട്ടിവീഴുകയായിരുന്നു. വീഴ്ചക്കിടയിൽ തങ്ങിനിന്നത് രക്ഷാപ്രവർത്തനത്തിനു സഹായകമായി. അപകട വിവരം അറിഞ്ഞ് വളരെവേഗം അപകടസ്ഥലത്തേക്കു സുരക്ഷാസന്നാഹങ്ങളും ഡോക്ടർമാരും എത്തി. ഏണി ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആദ്യഘട്ടത്തിൽ മൂന്നു പേരെയും രണ്ടാം ഘട്ടത്തിൽ അഞ്ചുപേരെയും മൂന്നാം ഘട്ടത്തിൽ ആറുപേരെയുമായാണു പുറത്തെടുത്തത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
