/kalakaumudi/media/media_files/2025/12/19/rajyasabha-2025-12-19-09-31-29.jpg)
ന്യൂഡല്‍ഹി: അര്‍ധരാത്രിയും നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിബി-ജി റാം ജി ബില്‍ രാജ്യസഭയിലും പാസാക്കി കേന്ദ്രം. ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം നിരസിച്ച കേന്ദ്രം ശബ്ദ വോട്ടോടെയാണ് ബില്‍ രാജ്യസഭയില്‍ പാസാക്കിയത്.
ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ വലിയ പ്രതിഷേധം തന്നെ നടത്തിയിരുന്നു. ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുമെന്നും നിവൃത്തിയില്ലാതെ സര്‍ക്കാരിന് ബില്‍ പിന്‍വലിക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് എംപി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ബില്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് എംപിമാര്‍ ഇറങ്ങിപ്പോയി. പിന്നാലെ പാര്‍ലമെന്റിന് പുറത്ത് എംപിമാര്‍ ധര്‍ണ നടത്തുകയും ചെയ്തു.
മഹാത്മാ ഗാന്ധിയുടെ പേര് പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് വിബി-ജി റാം ജി ബില്‍ കഴിഞ്ഞദിവസം ലോക്സഭയില്‍ പാസാക്കിയത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാന്‍ തീരുമാനിച്ചത്.
'പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗര്‍ ഗാരന്റി യോജന' എന്നാക്കുമെന്നായിരുന്നു പുറത്തു വന്നത്. എന്നാല്‍, ബില്ല് ലോക്‌സഭയില്‍ എത്തിയപ്പോള്‍ മഹാത്മാ ഗാന്ധിയുടെ പേര് പൂര്‍ണമായും ഒഴിവാകി വിബി ജി റാം ജി എന്നാക്കുകയായിരുന്നു. ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയുടെ നടുത്തളത്തില്‍ കയറി പ്രതിഷേധിച്ചു.
ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍, നിയമനിര്‍മ്മാണത്തെക്കുറിച്ച് ദീര്‍ഘമായി ചര്‍ച്ച ചെയ്തതായി സ്പീക്കര്‍ അറിയച്ചതോടെ, പേപ്പര്‍ വലിച്ചു കീറി പ്രതിപക്ഷം പ്രതിഷേധിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
