ചെന്നൈ: നടപ്പാതയിൽ ഉറങ്ങിക്കിടന്ന യുവാവിന്റെ ദേഹത്തേക്ക് ബി.എം.ഡബ്ല്യു കാർ ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിൽ രാജ്യസഭാ എം.പിയുടെ മകൾക്ക് ജാമ്യം ലഭിച്ചു. വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ രാജ്യസഭാ എംപി ബീദ മസ്താൻ റാവുവിന്റെ മകൾ മാധുരിക്കാണ് ജാമ്യം ലഭിച്ചത്. സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്പോഴാണ് മാധുരി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് നടപ്പാതയിൽ ഉറങ്ങിക്കിടന്ന 24 കാരനായ സൂര്യ എന്ന യുവാവിന് മുകളിലൂടെ കയറുന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാധുരി ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കൂടെയുണ്ടായിരുന്ന സുഹൃത്ത് കാറിൽ നിന്നിറങ്ങി നാട്ടുകാരോട് തർക്കിക്കുകയും ചെയ്തു. കൊല്ലപ്പെട്ട സൂര്യ പെയിന്റിങ് തൊഴിലാളിയാണ്. അപകടത്തിന് പിന്നാലെ സൂര്യയുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. പ്രതികളെ എത്രയും പെട്ടന്ന് പിടികൂടണമെന്നായിരുന്നു ഇവരുടെ ആവശ്യം.
അപകടസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചാണ് അപകടമുണ്ടാക്കിയ കാർ ബിഎംആർ (ബീദ മസ്താൻ റാവു) ഗ്രൂപ്പിന്റേതാണെന്നും പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതാണെന്നും കണ്ടെത്തിയത്. അന്വേഷണത്തിൽ വാഹനമോടിച്ചത് ബീദ മസ്താൻ റാവുവിന്റെ മകളാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് മാധുരിയെ അറസ്റ്റ് ചെയ്‌തെങ്കിലും കോടതി ജാമ്യം അനുവദിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
