പട്‌ന: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ടുമാറും മുന്‍പ്, ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്യാന്‍ ശ്രമം. അക്രമികളില്‍ ഒരാള്‍ ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ ഡോക്ടര്‍ ആണെന്നും ഇയാളുടെ സ്വകാര്യ ഭാഗത്ത് ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പ്പിച്ച ശേഷം നഴ്‌സ് രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സമസ്തിപൂര്‍ ഗംഗാപൂരിലെ ആര്‍ബിഎസ് ഹെല്‍ത്ത് കെയര്‍ സെന്ററില്‍ ബുധനാഴ്ചയാണ് സംഭവം. ജോലി പൂര്‍ത്തിയാക്കി മടങ്ങാനിരുന്ന നഴ്സിനെയാണ് ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ ഡോ. സഞ്ജയ് കുമാറും രണ്ട് കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. പ്രതികള്‍ എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഇവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ നഴ്‌സ് ബ്ലേഡ് ഉപയോഗിച്ച് ഡോക്ടറുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ആശുപത്രിക്ക് പുറത്തുള്ള പാടത്ത് ഒളിച്ചിരുന്ന യുവതി, പൊലീസിനെ വിളിച്ച് അറിയിച്ചു. നഴ്‌സ് സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സഞ്ജയ് കുമാര്‍ പാണ്ഡെ പറഞ്ഞു.
നഴ്സിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് പ്രതികള്‍ ആശുപത്രി അകത്ത് നിന്ന് പൂട്ടുകയും സിസിടിവി കാമറകള്‍ ഓഫ് ചെയ്യുകയും ചെയ്തുവെന്നും പാണ്ഡെ പറഞ്ഞു. യുവതിയുടെ മനസ്സാന്നിധ്യവും ധൈര്യവും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.അര കുപ്പി മദ്യം, നഴ്സ് ഉപയോഗിച്ച ബ്ലേഡ്, രക്തം പുരണ്ട വസ്ത്രങ്ങള്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തു.