ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആൾക്കൂട്ട ദുരന്തം, മരിച്ചവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് ആർസിബി

ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആൾക്കൂട്ട ദുരന്തത്തിൽ മരിച്ച 11 പേരുടെ കുടുംബത്തിന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സഹായധനം പ്രഖ്യാപിച്ചു. ജൂൺ 4 ന് ആർസിബിയുടെ വിജയാഘോഷത്തിനിടെയാണ് ദുരന്തം ഉണ്ടായത്.

author-image
Devina
New Update
chinnaswamy

ബിബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആൾക്കൂട്ട ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. മരിച്ച 11 പേരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതമാണ് ആർസിബി സഹായധനം പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ആർസിബി മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിക്കുന്നതായി അറിയിച്ചത്. ജൂൺ 3ന് നടന്ന ഐപിഎൽ ഫൈനലിന് തൊട്ടടുത്ത ദിവസം ജൂൺ നാലിന് ആർസിബിയുടെ വിജയാഘോഷത്തിൽ പങ്കെടുക്കാനെത്തിയവരാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ തിക്കിലും തിരിക്കിലും പെട്ട് മരിച്ചത്. 55 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.ഞങ്ങളുടെ ഹൃദയം തകർന്ന ദിനമാണ് ജൂൺ 4, അന്ന് ഞങ്ങളുടെ കുടുംബത്തിലെ 11 പേരെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. അവർ ഞങ്ങളുടെ ഭാഗമായിരുന്നു. അവരുടെ അസാന്നിധ്യം ഞങ്ങളുടെ ഓർമയിൽ എക്കാലവും ഉണ്ടാകും. അവർക്ക് പകരം വെക്കാൻ മറ്റൊന്നിനുമാവില്ല. അവരോടുള്ള ആദരസൂചകമായി അവരുടെ കുടുംബത്തോടുള്ള അങ്ങേയറ്റം ബഹുമാനത്തോടെ ആദ്യഘട്ടമെന്ന നിലയിൽ 25 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിക്കുകയാണ്. ഈയൊരു സാമ്പത്തിക സഹായം കൊണ്ട് മാത്രം അവരോടുള്ള ഞങ്ങളുടെ കരുതൽ അവസാനിക്കില്ല, അത് ഇനിയും തുടരുമെന്നും ആർസിബി സോഷ്യൽമീഡിയ പോസ്റ്റിൽ വ്യക്തമാക്കി.

ദുരന്തത്തിൽ പരിക്കേറ്റ ആരാധകരെ സഹായിക്കുന്നതിനായി ആർസിബി 'ആർസിബി കെയേഴ്‌സ്' എന്ന പേരിൽ ഒരു ഫണ്ട് രൂപീകരിച്ചിരുന്നു. ഐപിഎൽ കീരീട നേട്ടത്തിനുശേഷം ബെംഗളൂരുവിലെത്തിയ ആർസിബി ടീം അംഗങ്ങൾ ചിന്നസ്വാമി സ്റ്റേഡിയം വരെ വിക്ടറി പരേഡ് നടത്താനായിരുന്നു ആദ്യം ആലോചിച്ചിരുന്നതെങ്കിലും പൊലീസ് അനുമതി നിഷേധിച്ചതോടെ ഇത് റദ്ദാക്കുകയായിരുന്നു. പിന്നീട് ചിന്നസ്വാമി സ്റ്റേഡിയത്തിനകത്ത് വിജയഘോഷം നടത്തി. പാസ് മുഖാന്തിരമായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം എന്ന് അറിയിച്ചിരുന്നെങ്കിലും 35000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് രണ്ട് ലക്ഷത്തോളം പേർ ഇരച്ചെത്തിയതോടെ പൊലീസിന് നിയന്ത്രിക്കാനായില്ല. ഇതാണ് അപകടത്തിന് കാരണമായത്. അപകടത്തെത്തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താൻ കർണാടക സർക്കാർ സുരക്ഷാപരമായ കാരണങ്ങളാൽ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ വനിതാ ഏകദിന ലോകകപ്പ് അടക്കമുള്ള മത്സരങ്ങൾ ചിന്നസ്വാനി സ്റ്റേഡിയത്തിന് നഷ്ടമാകുകയും ചെയ്തു. സംഭവത്തിൽ ആർസിബി മാനേജ്മെൻറിനെതിരെ പോലീസ് നിയമനടപടികളും തുടങ്ങിയിരുന്നു.നീണ്ട 18 വർഷത്തെ കാത്തിരിരിപ്പിനൊടുവിലാണ് ആർസിബി ഐപിഎല്ലിൽ ആദ്യ കിരീടം നേടിയത്. എന്നാൽ ആൾക്കൂട്ട ദുരന്തമുണ്ടായതോടെ കിരീടനേട്ടത്തിൻറെ തിളക്കം നഷ്ടമായെന്ന് മാത്രമല്ല ആഘോഷഷത്തിന് ആർസിബി അനാവശ്യം തിടുക്കം കാട്ടിയതിനെതിരെ രൂക്ഷവിമർശനമുയരുകയും ചെയ്തിരുന്നു.