മഹാരാഷ്ട്രയില്‍ ഗുജറാത്ത് അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ദഹാനുവില്‍ പത്താം തവണയും സി.പി.എമ്മിന്റെ ചെങ്കൊടി പാറി. സിറ്റിങ് സീറ്റില്‍ സി.പി.എം സ്ഥാനാര്‍ഥി വിനോദ് നിക്കോളെ ബി.ജെ.പി സ്ഥാനാര്‍ഥിയെ കീഴടക്കി. 5133 വോട്ടിന്റെ ലീഡിനാണ് ബിജെപിയുടെ സ്ഥാനാര്‍ഥി വിനോദ് സുരേഷ് മേധയെ വിനോദ് നിക്കോളെ പിന്നിലാക്കിയത്. 104702 വോട്ടാണ് വിനോദ് നിക്കോള നേടിയത്. 2019ല്‍ 4,707 വോട്ടിനായിരുന്നു നിക്കോളെ വിജയിച്ചത്.
മഹാരാഷ്ട്രയിലെ സി.പി.എമ്മിന്റെ കോട്ടയായി അറിയപ്പെടുന്ന മണ്ഡലമാണ് ദഹാനു. മുംബൈയില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ വടക്കുള്ള ദഹാനു ഗുജറാത്ത് അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. വര്‍ളി ആദിവാസി കലാപത്തിന് സാക്ഷിയായ നാടാണ് ദഹാനു. ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കുമെതിരേ നടന്ന ആദ്യത്തെ ആദിവാസി കലാപമായ വര്‍ളി കലാപത്തിന് നേതൃത്വം നല്‍കിയിത് കിസാന്‍ സഭയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമാണ്.
സംസ്ഥാനത്തെ സി.പി.എമ്മിന്റെ ഏക സിറ്റിങ് എംഎല്‍എയായ വിനോദ് നിക്കോളെയുടെ പ്രചാരണത്തില്‍ മഹാവികാസ് അഘാഡിയിലെ ഘടകക്ഷികളെല്ലാം സജീവമായി രംഗത്തുണ്ടായിരുന്നു.
മഹാരാഷ്ട്രയിലെ ഏറ്റവും ദരിദ്രനായ സ്ഥാനാര്‍ഥിയാണ് വിനോദ് നിക്കോളെ. വടാപാവ് വില്‍ക്കുന്ന കടയില്‍ ജോലി ചെയ്യവെ സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റി അംഗം എല്‍.ബി.ധന്‍കറാണ് പാര്‍ട്ടിയിലേക്ക് എത്തിക്കുന്നത്. പിന്നീട് മുഴുവന്‍ സമയ പ്രവര്‍ത്തകനായി. കര്‍ഷകരുടെയും ആദിവാസികളുടെയും നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത നിക്കോളെ മാഹാരാഷ്ട്രയിലെ കര്‍ഷക മാര്‍ച്ചിന്റെയും മുന്നണിയിലുണ്ടായിരുന്നു.
നിലവില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റുമാണ് വിനോദ് നിക്കാളെ. കഴിഞ്ഞ നിയമസഭയില്‍ ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചത് നിക്കോളെയാണ്.