സ്ലീപ്പര്‍, എ.സി ക്ലാസുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക റിസര്‍വേഷന്‍

ദീര്‍ഘദൂര മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളില്‍ സ്ലീപ്പര്‍ ക്ലാസില്‍ ആറ് ബെര്‍ത്തുകള്‍ വീതവും ഗരീബ് രഥ്/രാജധാനി/ഡുറോന്റോ/പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത എക്‌സ്പ്രസ് ട്രെയിനുകളില്‍ തേഡ് എ.സി ക്ലാസിലും വനിതകള്‍ക്ക് റിസര്‍വേഷന്‍ ലഭിക്കും.

author-image
Prana
New Update
train

ന്യൂഡല്‍ഹി: ദീര്‍ഘദൂര ട്രെയിനുകളിലെ സ്ലീപ്പര്‍, എ.സി ക്ലാസുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക റിസര്‍വേഷന്‍ ഒരുക്കി ഇന്ത്യന്‍ റെയില്‍വേ. സ്ത്രീ യാത്രക്കാര്‍ക്ക് ബെര്‍ത്തുകള്‍ റിസര്‍വ് ചെയ്യാന്‍ 1989 ലെ റെയില്‍വേ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുപ്രകാരം ദീര്‍ഘദൂര മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളില്‍ സ്ലീപ്പര്‍ ക്ലാസില്‍ ആറ് ബെര്‍ത്തുകള്‍ വീതവും ഗരീബ് രഥ്/രാജധാനി/ഡുറോന്റോ/പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത എക്‌സ്പ്രസ് ട്രെയിനുകളില്‍ തേഡ് എ.സി ക്ലാസിലും വനിതകള്‍ക്ക് റിസര്‍വേഷന്‍ ലഭിക്കും. ഇതിനായി അധികം പണം അടക്കേണ്ടിവരില്ല.സ്ലീപ്പര്‍ ക്ലാസില്‍ ഓരോ കോച്ചിലും ആറ് മുതല്‍ ഏഴ് വരെ ലോവര്‍ ബെര്‍ത്തുകളും തേഡ് എ.സിയില്‍ ഒരു കോച്ചില്‍ നാല് മുതല്‍ അഞ്ച് വരെ ലോവര്‍ ബെര്‍ത്തുകളും സെക്കന്റ് എ.സിയില്‍ മൂന്ന് മുതല്‍ നാല് വരെ ലോവര്‍ ബെര്‍ത്തുകളും മുതിര്‍ന്ന പൗരന്മാര്‍ക്കും 45 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീ യാത്രക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും സംവരണം ചെയ്യണമെന്നും റെയില്‍വേ നിയമത്തിലുണ്ട്. മിക്ക ദീര്‍ഘദൂര മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളിലും സെക്കന്‍ഡ് ക്ലാസ് കം ലഗേജ് കം ഗാര്‍ഡ്‌സ് കോച്ചുകളില്‍ (എസ്.എല്‍.ആര്‍) സ്ത്രീകള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി. മുംബൈ, കൊല്‍ക്കത്ത, സെക്കന്തരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ സബര്‍ബന്‍ സെക്ഷനുകളിലും ഡല്‍ഹിയിലും സ്ത്രീകള്‍ക്കുള്ള പ്രത്യേക എം.ഇ.എം.യു/ ഇ.എം.യു/എം.എം.ടി.എസ് സര്‍വിസുകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

train