/kalakaumudi/media/media_files/2025/01/20/yi6yF9pOKghsopNYELBX.jpg)
Sanjay Roy
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ ട്രെയിനി ഡോക്ടര്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം ശിക്ഷ. സിയാല്‍ദാ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ജഡ്ജി അനിര്‍ബാന്‍ ദാസാണ് വിധി പുറപ്പെടുവിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേമൂക്കാലോടെയാണ് വിധി പ്രസ്താവം ഉണ്ടായത്. അമ്പതിനായിരം രൂപ പിഴയും ഒടുക്കണം. വധശിക്ഷ ഒഴിവാക്കിയെങ്കിലും പ്രതി ജീവിതാവസാനം വരെ ജയിലില്‍ കിടക്കണമെന്നും വിധിയില്‍ പറയുന്നുണ്ട്.
അവസാന നിമിഷവും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പ്രതി കോടിയില്‍ പറയുകയുണ്ടായി. 2024 ഓഗസ്റ്റ് 9 നാണ് നാടിനെ ഒന്നാകെ ഞെട്ടിച്ച കൊടും ക്രൂരത നടന്നത്. രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടറെ, സഞ്ജയ് റോയി എന്ന പ്രതി പീഡിപിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളില്‍ വെച്ചാണ് സംഭവം നടന്നത്. രാജ്യവ്യാപകമായി വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് കൊല്‍ക്കത്ത ഹൈക്കോടതി, കേസ് അന്വേഷണം സി ബി ഐക്ക് കൈമാറിയത്.
31 വയസുകാരിയായ ട്രെയിനി ഡോക്ടറുടെ മൃതദേഹം അര്‍ധനഗ്നമായ അവസ്ഥയിലാണ് സെമിനാര്‍ ഹാളില്‍ കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തമൊഴുകുന്ന നിലയിലും ശരീരത്തിലുടനീളം മുറിവുകളോടെയുമാണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. സാമൂഹ്യ സന്നദ്ധ സേനാംഗമാണ് കേസില്‍ അറസ്റ്റിലായിരിക്കുന്ന പ്രതി.
ക്രൂരമായ പീഡനത്തിനിരയായാണ് രണ്ടാം വര്‍ഷ പി ജി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും കുറ്റുപത്രത്തിലും ചൂണ്ടികാട്ടിയിട്ടുള്ളത്. ബലാത്സംഗം, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് സഞ്ജയ് റോയിക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം ട്രെയിനി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിന് പിന്നാലെ നേരത്തെ ആശുപത്രിയില്‍ നടന്ന പല സംശയസ്പദമായ മരണങ്ങളും പൊതു സമൂഹത്തില്‍ വലിയ ചര്‍ച്ചയായി ഉയര്‍ന്നിരുന്നു. 2020 ല്‍ പൗലാമി സാഹ എന്ന വിദ്യാര്‍ഥിനിയെ ഗ്രൗണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നടക്കമുള്ള കേസുകളിലാണ് വലിയ തോതില്‍ സംശയം വീണ്ടും ഉയര്‍ന്നത്. ആത്മഹത്യയാണെന്നതിന് തെളിവുകളൊന്നും കണ്ടെടുത്തില്ലെങ്കിലും വിഷാദരോഗം ബാധിച്ച് യുവതി ആറാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസും ആശുപത്രി അധികൃതരും അവകാശപ്പെട്ടത്. ഈ സംഭവത്തില്‍ പിന്നീട് തുടരന്വേഷണമൊന്നുമുണ്ടായില്ല.
അതുപോലെ തന്നെ 2003 ല്‍ എം ബി ബി എസ് ഇന്റേണ്‍ ആയിരുന്ന സുവോരോജ്യിതി ദാസ് (23) ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തിലും സംശയം ഉയര്‍ന്നിരുന്നു. കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുന്നതിന് മുമ്പ് വിദ്യാര്‍ത്ഥി ആന്റീ ഡിപ്രസന്റ് കുത്തിവച്ചതായും ഞരമ്പ് മുറിച്ചതായും പൊലീസ് അന്ന് പറഞ്ഞിരുന്നു. ആ കേസും ആത്മഹത്യയായി അവസാനിപ്പിച്ചു. ഈ രണ്ട് കേസിലും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നില്ല.
മറ്റൊരു വിദ്യാര്‍ത്ഥിയായ സൗമിത്ര ബിശ്വാസിനെ 2001ല്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ മരണവും ആത്മഹത്യയായി കണക്കാക്കി. ഹോസ്റ്റല്‍ മുറികളില്‍ അശ്ലീല വീഡിയോകള്‍ ചിത്രീകരിക്കാന്‍ ലൈംഗികത്തൊഴിലാളികളെ കൊണ്ടുവന്ന വിദ്യാര്‍ഥികളുടെയും ആശുപത്രി ജീവനക്കാരുടെയും റാക്കറ്റിനെതിരെ പ്രതിഷേധിച്ചതിനാണ് ബിശ്വാസിന്റെ മരണത്തിന് പിന്നിലെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഈ വഴിക്ക് കേസ് അന്വേഷണം പോയില്ലെന്നാണ് ആരോപണം.
നുണ പരിശോധനയടക്കം വിവിധ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷും സംഭവം നടന്ന രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഡോക്ടര്‍മാരും ഒരു സിവില്‍ വോളന്‍ന്റിയറും ഉള്‍പ്പെടെ ആറുപേരുടെ പോളിഗ്രാഫ് പരിശോധനയും നടന്നു.
പ്രതിയുടെ പരിശോധന ജയിലില്‍ വെച്ചും മറ്റ് ആറു പേരുടെത് സി.ബി.ഐ ഓഫിസില്‍ വെച്ചുമാണ് നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ പോളിഗ്രാഫ് വിദഗ്ധരുടെ സംഘം പരിശോധനകള്‍ക്കായി കൊല്‍ക്കത്തയില്‍ എത്തിയിരുന്നു. വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയാണ് സി.ബി.ഐക്ക് പരിശോധന നടത്താന്‍ അനുമതി നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട് ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനും മറ്റ് അഞ്ചു പേര്‍ക്കും പരിശോധന നടത്തണമെന്ന സി.ബി.ഐ അപേക്ഷ വ്യാഴാഴ്ച അതേ കോടതി അംഗീകരിച്ചിരുന്നു. അതേസമയം പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ അറസ്റ്റ് ചെയ്ത സഞ്ജയ് റോയി അര്‍ധരാത്രി ആശുപത്രിയില്‍ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പുലര്‍ച്ചെ 1.03 നാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്.
സെമിനാര്‍ ഹാളില്‍ വെച്ചാണ് അന്ന് അര്‍ധരാത്രി ജൂനിയര്‍ ഡോക്ടര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതും കൊല ചെയ്യപ്പെട്ടതും. മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് കണ്ടെടുത്തതായി അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരന്നു. സെമിനാര്‍ ഹാളിലേക്ക് പ്രവേശിക്കുന്ന സഞ്ജയ് റോയിയുടെ കഴുത്തില്‍ ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ് വ്യക്തമായി കാണാം. ചോദ്യം ചെയ്യലില്‍, പോലീസ് സിസിടിവി തെളിവുകള്‍ സഞ്ജയിയെ കാണിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദിവസം രാത്രി ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് സഞ്ജയ് റോയ് കൊല്‍ക്കത്തയിലെ രണ്ട് വേശ്യാലയങ്ങളില്‍ പോയിരുന്നുവെന്നും പോലീസ് പറഞ്ഞു. ആഗസ്ത് എട്ടിന് രാത്രി സോനാഗച്ചി റെഡ് ലൈറ്റ് ഏരിയയില്‍ പോയ ഇയാള്‍ മദ്യം കുടിച്ച് രണ്ട് വേശ്യാലയങ്ങള്‍ ഒന്നിന് പിറകെ ഒന്നായി സന്ദര്‍ശിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
തുടര്‍ന്ന് അര്‍ദ്ധരാത്രിക്ക് ശേഷം ആശുപത്രിയിലേക്ക് പോയി. ജൂനിയര്‍ ഡോക്ടര്‍ ഉറങ്ങാന്‍ കിടന്ന സെമിനാര്‍ ഹാളിലേക്ക് ഇയാള്‍ പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതും സിസിടിവിയില്‍ വ്യക്തമാണ്. അതേസമയം സഞ്ജയ് റോയിക്ക് സഹായികള്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സിബിഐ പറയുന്നത്. മൃതദേഹം കണ്ടെത്തിയ സെമിനാര്‍ ഹാളിലെ പൂട്ട് തകര്‍ന്ന നിലയിലായിരുന്നു. പുറത്തു നടക്കുന്ന വിവരങ്ങള്‍ നല്‍കാന്‍ സെമിനാര്‍ ഹാളിനുപുറത്ത് മറ്റൊരാളുടെ സഹായം ലഭിച്ചിരിക്കാനും സാധ്യത.
കുറ്റകൃത്യം നടക്കുന്ന സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്ന ആളുകള്‍ അസാധാരണമായ ശബ്ദം കേട്ടിരുന്നില്ല. ഇത് ഒഴിവാക്കിയത് പുറത്തു നിന്നൊരാള്‍ നിര്‍ദേശം നല്‍കിയതാവാമെന്നും സിബിഐ അനുമാനിച്ചിരുന്നു. വിധിക്ക് പിന്നാലെ ദുരൂഹതയും ബാക്കിയാക്കിയിരിക്കുകയാണ്.
പോലീസ് അറസ്റ്റ് ചെയ്ത സഞ്ജയ് റോയി മാത്രമല്ല കേസില്‍ പ്രതിയെന്നും മറ്റുള്ളവര്‍ ഇപ്പോഴും സ്വതന്ത്രരായി നടക്കുകയാണെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.