മണിപ്പൂരില്‍ കലാപം; ഒരു മരണം, വാഹനങ്ങള്‍ കത്തിച്ചു

ഒരാള്‍ മരിക്കുകയും 25ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയുംചെയ്തു. കെയ്തല്‍മാന്‍ബിയില്‍ നടന്ന ഏറ്റുമുട്ടലില്‍ വെടിയേറ്റ ലാല്‍ഗൗതാങ് സിംഗ്‌സിറ്റ് (30) എന്നയാളാണ് മരിച്ചത്.

author-image
Prana
New Update
Manipur

ഇംഫാല്‍: വംശീയകലാപത്തിന് അയവുവന്നതോടെ, നീണ്ട 22 മാസങ്ങള്‍ക്ക് ശേഷം മണിപ്പൂരില്‍ സ്വതന്ത്ര സഞ്ചാരം പ്രഖ്യാപിച്ച ആദ്യദിവസം തന്നെ സംസ്ഥാനത്ത് പരക്കെ സംഘര്‍ഷം. ഒരാള്‍ മരിക്കുകയും 25ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയുംചെയ്തു. കെയ്തല്‍മാന്‍ബിയില്‍ നടന്ന ഏറ്റുമുട്ടലില്‍ വെടിയേറ്റ ലാല്‍ഗൗതാങ് സിംഗ്‌സിറ്റ് (30) എന്നയാളാണ് മരിച്ചത്. കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രിയാണ് മണിപ്പൂരില്‍ ശനിയാഴ്ച മുതല്‍ സഞ്ചാര സ്വാതന്ത്ര്യം ഉണ്ടാകുമെന്നുള്‍പ്പെടെ പ്രഖ്യാപനം നടത്തിയത്. ഇതുപ്രകാരം ഇന്നലെ മെയ്തി മേഖലകളില്‍ നിന്ന് കുക്കി ഭൂരിപക്ഷ മേഖലകളിലേക്ക് ബസ് സര്‍വിസുകള്‍ ആരംഭിച്ചു. ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്ന് കുക്കി മേഖലകളായ ചുരാചന്ദ്പൂര്‍, കാംഗ് കോക്പി, സേനാപതി ജില്ലകളിലേക്ക് വന്‍ സൈനിക സന്നാഹത്തോടെയാണ് മണിപ്പൂര്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ ബസുകള്‍ യാത്ര തുടങ്ങിയത്. ബിഷ്ണുപൂര്‍ വഴി ചുരാചന്ദ്പൂരിലേക്ക് പുറപ്പെട്ട ബസ് കുക്കി അതിര്‍ത്തി കടന്ന് പോകാനായില്ല. സേനാപതിയിലേക്കുള്ള ബസ് കാംഗ്‌കോക്പിയില്‍ തടയുകയും നൂറ് കണക്കിനാളുകള്‍ ബസിന് നേരെ കല്ലെറിയുകയും സൈനികര്‍ക്ക് നേരെ വെടിവയ്ക്കുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് മരണവും പരുക്കും റിപ്പോര്‍ട്ട്‌ചെയ്തത്. വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധത്തില്‍ റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചു. കല്ലുകളും മരത്തടികളും മറ്റും ഇട്ട് മാര്‍ഗതടസ്സവും സൃഷ്ടിച്ചു. 

 

manipur