/kalakaumudi/media/media_files/2025/11/18/lalu-2-2025-11-18-10-20-18.jpg)
പട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പിനു പിന്നാലെ കുടുംബത്തിലുണ്ടായ കലഹം താന്‍ പരിഹരിക്കുമെന്ന് ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവ്. ലാലുവിന്റെ നാലു പെണ്‍മക്കള്‍ വീട് വിട്ടത് അടക്കം കുടുംബത്തിലെ ഞെട്ടിക്കുന്ന സംഭവവികാസങ്ങള്‍ പുറത്തുവന്നതിനു ശേഷമാണ് പാര്‍ട്ടി എംഎല്‍മാരോട് ലാലുവിന്റെ പ്രതികരണം. ഇന്നലെ രാത്രി, തിരഞ്ഞെടുക്കപ്പെട്ട ആര്‍ജെഡി എംഎല്‍എമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ലാലു ഇക്കാര്യം പറഞ്ഞത്.
''ഇത് ഒരു കുടുംബകാര്യമാണ്. കുടുംബത്തിനുള്ളില്‍ പരിഹരിക്കപ്പെടും. ഇത് കൈകാര്യം ചെയ്യാന്‍ ഞാന്‍ ഇവിടെയുണ്ട്'' ലാലു പട്‌നയില്‍ നടന്ന യോഗത്തില്‍ പറഞ്ഞു. ലാലുവിന്റെ ഭാര്യ റാബ്രി ദേവി, മൂത്ത മകള്‍ മിസ ഭാരതി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ തേജസ്വി യാദവിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.
ആര്‍ജെഡിക്ക് 243 അംഗ നിയമസഭയില്‍ 25 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂവെന്നും 2010 ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണിതെന്നും യോഗത്തില്‍ ലാലു പറഞ്ഞു. തേജസ്വി പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്നും ലാലു പ്രസാദ് യാദവ് യോഗത്തില്‍ പറഞ്ഞതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ലാലുവിന്റെ മക്കളായ രോഹിണി ആചാര്യ, രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവര്‍ കുട്ടികളോടൊപ്പം പട്നയിലെ വസതി വിട്ട് ഡല്‍ഹിയിലേക്കു പോയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന സംഭവങ്ങളില്‍ ഇവര്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് വിവരം. 7 പെണ്‍മക്കളും ആണ്‍മക്കളായ തേജസ്വി യാദവും തേജ്പ്രതാപും ഉള്‍പ്പെടെ 9 മക്കളാണ് ലാലുവിന് ഉള്ളത്. താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും കുടുംബത്തെ തള്ളിപ്പറയുകയാണെന്നും രോഹിണി ആചാര്യ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു.
2022ല്‍ രോഹിണി, ലാലുവിന് ഒരു വൃക്ക ദാനംചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ സീറ്റിനും പണത്തിനും പകരമായാണ് പിതാവിനു താന്‍ വൃക്ക ദാനം ചെയ്തതെന്നു കുടുംബാംഗങ്ങള്‍ ആരോപിച്ചതായി രോഹിണി എക്‌സ് പോസ്റ്റില്‍ പറയുന്നു. തേജസ്വി യാദവിന്റെ ഏറ്റവും അടുത്ത സഹായികളായ ആര്‍ജെഡി രാജ്യസഭാ എംപി സഞ്ജയ് യാദവ്, റമീസ് എന്നിവരുമായുള്ള വാക്കുതര്‍ക്കത്തിനിടെ തനിക്ക് കടുത്ത അധിക്ഷേപം നേരിടേണ്ടി വന്നുവെന്നും ഒരാള്‍ ചെരിപ്പുകൊണ്ട് അടിക്കാന്‍ ശ്രമിച്ചുവെന്നും രോഹിണി എക്‌സില്‍ കുറിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
