എം.വി.ശ്രേയാംസ് കുമാർ
തൃശൂർ: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മന്ത്രിസഭയിലും ലോക്സഭയിലും പ്രാതിനിധ്യമില്ലാത്ത സാഹചര്യത്തിൽ രാജ്യസഭയിലെ ഒഴിവിലേക്ക് ആർജെഡിയെ പരിഗണിക്കണമെന്ന് നേരത്തെ ഇടതുമുന്നണിയിൽ ആവശ്യപ്പെട്ടതാണെന്നും സിപിഎമ്മിനു കത്തു നൽകിയിട്ടുണ്ടെന്നും ആർജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ. തിരഞ്ഞെടുപ്പു ഫലം വിലയിരുത്താനായി ചേർന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിന് എത്തിയതായിരുന്നു അദ്ദേഹം.
രാജ്യസഭാ സീറ്റുമായാണ് ആർജെഡി ഇടതുമുന്നണിയിലേക്കു വന്നത്. ലോക്സഭാ സീറ്റിലേക്കും മന്ത്രിസഭയിലേക്കും പരിഗണിക്കാത്തതിൽ പാർട്ടിക്കുള്ളിൽ തന്നെ പരാതിയുണ്ട്. ഉഭയകക്ഷി ചർച്ച നടത്താമെന്നാണ് പറഞ്ഞിരുന്നത്. കേരള കോൺഗ്രസ് (എം) സീറ്റിന് ആവശ്യമുന്നയിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ആരെങ്കിലും സീറ്റ് വേണ്ടെന്നു പറയുമോ എന്നായിരുന്നു ശ്രേയാംസ് കുമാറിന്റെ മറുചോദ്യം.
കേന്ദ്രത്തിൽ മൂന്നാമതും നരേന്ദ്ര മോദി സർക്കാർ വരുന്നതിനെതിരെ കേരളത്തിൽ ഭൂരിഭാഗത്തിനുമുണ്ടായിരുന്ന ആശങ്ക കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന് അനുകൂലമായിട്ടുണ്ടാകാം. സംസ്ഥാന ഭരണത്തിനെതിരായ വികാരം പ്രതിഫലിച്ചോ എന്നത് ആഴത്തിൽ പരിശോധിക്കേണ്ടതാണ്. തെറ്റുണ്ടെങ്കിൽ തിരുത്തി മുന്നോട്ടുപോകണം. തൃശൂരിലെ തോൽവി സംബന്ധിച്ച് അന്വേഷണം വേണമെന്നു സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ജനതാ പാർട്ടികളുടെ ലയനം എന്നത് എന്നും തുറന്നുവച്ച അധ്യായമാണ്. അതിനു സന്നദ്ധത കാണിക്കേണ്ടതു മറുവിഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
