രോഹിത് വെമുല
ഹൈദരാബാദ്: സര്‍വകലാശാല പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ കേസില്‍ പോലീസ് അന്വേഷണം കാര്യക്ഷമായിരുന്നില്ലെത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. കേസ് അവസാനിപ്പിക്കുന്നതായി അറിയിച്ച് തെലങ്കാന പോലീസ് മാര്‍ച്ച് 21-ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടിനെ ചൂണ്ടിക്കാട്ടിയാണ് ആരോപണം. രോഹിത് വെമൂല ആത്മഹത്യ ചെയ്തതിനു പിന്നാലെ ആരോപിക്കപ്പെട്ട ജാതിവിവേചനമോ കുറ്റക്കാരുടെ പങ്കോ അന്വേഷണ സംഘം കൃത്യതയോടെ അന്വേഷിച്ചിരുന്നില്ല എന്ന് ക്ലോഷര്‍ റിപ്പോര്‍ട്ടിൽ നിന്ന് വ്യക്തമാണ്.
രോഹിത് വെമുലയുടെ മരണകാരണത്തേക്കാൾ പ്രാധാന്യം അന്വേഷണസംഘം രോഹിതിന്റെ ജാതി കണ്ടെത്തുന്നതിന് നൽകി. കേസിലെ പ്രതികളുടെ പങ്കിനെ കുറിച്ചും വേണ്ടവിധം അന്വേഷണം നടന്നിട്ടില്ല. ഇത് പ്രകാരം സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ രോഹിത് ജീവനൊടുക്കാന്‍ കാരണം പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ആളല്ലെന്ന് തെളിയുമെന്ന ഭയവും ഭീതിയുമാണെന്ന് അവകാശപ്പെട്ടിരുന്നു.
സംഭവം വിവാദമായതോടെ മേയ് മൂന്നിന് തെലങ്കാന പോലീസ് മേധാവി റിപ്പോർട്ട് തള്ളുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. 2016ലെ ആത്മഹത്യാ കേസിൻ്റെ അന്വേഷണച്ചുമതല ആദ്യം ഹൈദരാബാദ് പോലീസിലെ മദാപൂർ ഡിവിഷൻ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണറായിരുന്ന എം രമണ കുമാറിനും തുടർന്ന് എസിപി എൻ ശ്യാം പ്രസാദ് റാവുവിനും ഒടുവിൽ എസിപി സി ശ്രീകാന്തിനുമായിരുന്നു.
അന്വേഷണത്തിൻറെ തുടക്കത്തിൽ സർവകലാശാലയിൽ രോഹിത്തിൻറെ മരണത്തിൽ പ്രതിഷേധിച്ചുള്ള വിദ്യാർഥി പ്രക്ഷോഭം നടക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട് . ഇത് അന്വേഷണത്തിന് അനുകൂലമായ അന്തരീക്ഷമായിരുന്നില്ല. സമയ ലാഭത്തിനായി, ആദ്യം സർവ്വകലാശാലയ്ക്ക് പുറത്ത് നിന്നും ലഭ്യമായ തെളിവുകൾ ശേഖരിക്കാനും തുടർന്ന് സാധാരണ നില പുനഃസ്ഥാപിക്കുമ്പോൾ സർവകലാശാലയിൽ ലഭ്യമായ തെളിവുകൾ ശേഖരിക്കാനുമായിരുന്നു എസിപി എം രമണ കുമാർ ശ്രമിച്ചതെന്നാണ് ആരോപണം.