/kalakaumudi/media/media_files/2025/11/10/thirju-2025-11-10-17-45-11.jpg)
ന്യൂഡല്‍ഹി : രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നായ തിരുമല തിരുപ്പതി ദേവസ്ഥാനത്തില്‍ നടന്ന ലഡു കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അഞ്ചുവര്‍ഷത്തോളം തിരുപ്പതി ക്ഷേത്രത്തില്‍ ഉപയോഗിച്ചത് വ്യാജ നെയ്യ് ആണെന്ന് സിബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാലിന്റെയോ വെണ്ണയുടെയോ ഒരു അംശം പോലുമില്ലാത്ത ഈ വ്യാജ നെയ്യ് ഉത്തരാഖണ്ഡില്‍ നിന്നുള്ള ഒരു ഡയറിയില്‍ നിന്നുമായിരുന്നു ക്ഷേത്രത്തിലേക്ക് വാങ്ങിയിരുന്നത്.
2019 മുതല്‍ 2024 വരെ നെയ്യ് വിതരണം ചെയ്തിരുന്ന ഭോലെ ബാബ ഓര്‍ഗാനിക് ഡയറിയാണ് വന്‍ അഴിമതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. 250 കോടി രൂപയുടെ അഴിമതിയാണ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള നെയ്യ് വിതരണത്തിലൂടെ നടന്നിട്ടുള്ളത്. അഞ്ച് വര്‍ഷത്തിനിടെ തിരുപ്പതി ക്ഷേത്രത്തിന് 68 ലക്ഷം കിലോഗ്രാം വ്യാജ നെയ്യ് വിതരണം ചെയ്തതായി സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് ഏകദേശം 250 കോടി രൂപ വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഭോലെ ബാബ ഓര്‍ഗാനിക് ഡയറി ഒരിക്കലും യഥാര്‍ത്ഥ പാലോ വെണ്ണയോ വാങ്ങിയിട്ടില്ലെന്നും പകരം മോണോഡിഗ്ലിസറൈഡുകള്‍, അസറ്റിക് ആസിഡ് എസ്റ്ററുകള്‍ തുടങ്ങിയ രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമ നെയ്യ് നിര്‍മ്മിച്ചുവെന്നും സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പറഞ്ഞു.
ഡയറിയിലേക്ക് ഈ രാസവസ്തുക്കള്‍ വിതരണം ചെയ്ത പ്രതി അജയ് കുമാര്‍ സുഗന്ധിന്റെ അറസ്റ്റിന് ശേഷമാണ് അന്വേഷണ ഏജന്‍സി ഈ വിവരം വെളിപ്പെടുത്തിയത്. 2022 ല്‍ ഭോലെ ബാബ ഡയറി കരിമ്പട്ടികയില്‍ പെടുത്തിയതിനുശേഷവും, വൈഷ്ണവി ഡയറി (തിരുപ്പതി), മാല്‍ ഗംഗാ ഡയറി (ഉത്തര്‍പ്രദേശ്), എആര്‍ ഡയറി ഫുഡ്സ് (തമിഴ്നാട്) തുടങ്ങിയ മറ്റ് കമ്പനികളുടെ പേരില്‍ അവര്‍ വ്യാജ നെയ്യ് വിതരണം തുടര്‍ന്നിരുന്നുവെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
2023 ജൂലൈയില്‍ തിരുപ്പതി ദേവസ്ഥാനം നിരസിച്ച നാല് ടാങ്കര്‍ നെയ്യ് ഭോലെ ബാബ ഡയറി ലേബലുകള്‍ മാറ്റിയ ശേഷം ക്ഷേത്രത്തിലേക്ക് തിരികെ അയച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. ഈ നെയ്യ് മായം ചേര്‍ത്തതും മൃഗക്കൊഴുപ്പ് അടങ്ങിയതുമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ കേസ് വെറും ഒരു തട്ടിപ്പല്ല, മറിച്ച് മതവിശ്വാസവുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റകൃത്യമാണെന്ന് സിബിഐ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ മുഴുവന്‍ അഴിമതിയിലും പങ്കാളികളായ തിരുപ്പതി ദേവസ്ഥാനം ഉദ്യോഗസ്ഥരെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും സിബിഐ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
