വ്യോമസേനയ്ക്ക് 97 പോര്‍വിമാനങ്ങള്‍ കൂടി; 62,000 കോടിയുടെ കരാര്‍

എല്‍സിഎ മാര്‍ക്ക് 1എ പോര്‍വിമാനങ്ങള്‍ക്കുള്ള രണ്ടാമത്തെ ഓര്‍ഡറാണിത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏകദേശം 48,000 കോടി രൂപയ്ക്ക് 83 വിമാനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു

author-image
Biju
New Update
air

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പ്രതിരോധ പദ്ധതിക്ക് കീഴിയില്‍ വ്യോമസേനയ്ക്കായി 97 എല്‍സിഎ മാര്‍ക്ക് 1എ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതിക്ക് ചൊവ്വാഴ്ച കേന്ദ്രം അനുമതി നല്‍കി. 97 എല്‍സിഎ മാര്‍ക്ക് 1എ പോര്‍വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള അന്തിമ അനുമതി ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതല യോഗമാണ് നല്‍കിയത്. ഇത് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന് വിമാനങ്ങള്‍ നിര്‍മിക്കാന്‍ വഴിയൊരുക്കുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ എഎന്‍ഐയോട് പറഞ്ഞു. 

എല്‍സിഎ മാര്‍ക്ക് 1എ പോര്‍വിമാനങ്ങള്‍ക്കുള്ള രണ്ടാമത്തെ ഓര്‍ഡറാണിത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏകദേശം 48,000 കോടി രൂപയ്ക്ക് 83 വിമാനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്ന മിഗ് -21 വിമാനങ്ങള്‍ക്ക് പകരമായി പുതിയ വിമാനങ്ങള്‍ നിര്‍മിക്കാനാണ് ഈ പദ്ധതിയിലൂടെ വ്യോമസേന ലക്ഷ്യമിടുന്നത്. 

പ്രതിരോധ മന്ത്രാലയത്തിന്റെയും വ്യോമ സേനയുടെയും പൂര്‍ണ പിന്തുണയോടെയുള്ള തദ്ദേശീയ പോര്‍വിമാന പദ്ധതി തദ്ദേശീയവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള പ്രതിരോധ ബിസിനസില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വലിയ പ്രോത്സാഹനമാകുമെന്നാണ് കരുതുന്നത്. വ്യോമസേനയ്ക്ക് ആദ്യം വിതരണം ചെയ്ത 40 എല്‍സിഎകളേക്കാള്‍ നൂതനമായ ഏവിയോണിക്സും റഡാറുകളും എല്‍സിഎ മാര്‍ക്ക് 1എ വിമാനത്തിലുണ്ട്. പുതിയ എല്‍സിഎ മാര്‍ക്ക് 1 എകളിലെ തദ്ദേശീയ ഭാഗങ്ങള്‍ 65 ശതമാനത്തില്‍ കൂടുതലായിരിക്കും.

indian air force