ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം; അതിന് ഭരണഘനയുടെ അംഗീകാരം ആവശ്യമില്ലെന്ന് മോഹന്‍ ഭവത്

ആര്‍എസ്എസിന്റെ 100-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ സംസ്‌കാരം രാജ്യത്ത് വിലമതിക്കപ്പെടുന്നതുവരെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരിക്കുമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്

author-image
Biju
New Update
mohan

കൊല്‍ക്കത്ത: ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും പ്രഖ്യാപിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ആര്‍എസ്എസിന്റെ 100-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ സംസ്‌കാരം രാജ്യത്ത് വിലമതിക്കപ്പെടുന്നതുവരെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരിക്കുമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്. സത്യം അത് ആയതിനാല്‍ ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. 

''കിഴക്ക് സൂര്യന്‍ ഉദിക്കുന്നു. അത് എപ്പോള്‍ മുതല്‍ സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്ന് നമ്മള്‍ക്കറിയില്ല. അപ്പോള്‍, അതിനും ഭരണഘടനാ അംഗീകാരം ആവശ്യമുണ്ടോ? ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ മാതൃരാജ്യമായി കരുതുന്നവര്‍ ഇന്ത്യന്‍ സംസ്‌കാരത്തെ വിലമതിക്കുന്നു. നമ്മുടെ പൂര്‍വ്വികരുടെ മഹത്വത്തില്‍ വിശ്വസിക്കുകയും അതിനെ വിലമതിക്കുകയും ചെയ്യുന്നവര്‍ ഹിന്ദുസ്ഥാന്റെ മണ്ണില്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇതാണ് സംഘത്തിന്റെ പ്രത്യയശാസ്ത്രം''  മോഹന്‍ ഭാഗവത് പറഞ്ഞു. 

''ജനനത്തെ അടിസ്ഥാനമാക്കിയുള്ള ജാതിവ്യവസ്ഥ ഹിന്ദുത്വത്തിന്റെ മുഖമുദ്രയല്ല. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആണെന്ന് ആര്‍എസ്എസ് എപ്പോഴും വാദിച്ചിട്ടുണ്ട്. നമ്മുടെ സംസ്‌കാരവും ഹിന്ദുമതത്തിനുള്ള ഭൂരിപക്ഷവും കണക്കിലെടുക്കുമ്പോള്‍ അത് വ്യക്തമാണ്. 'മതേതരത്വം' യഥാര്‍ത്ഥത്തില്‍ ഭരണഘടനയുടെ ആമുഖത്തിന്റെ ഭാഗമായിരുന്നില്ല. 1976ലെ ഭരണഘടനാ ഭേദഗതിയിലൂടെ, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 'സോഷ്യലിസ്റ്റ്' എന്ന പദത്തോടൊപ്പം ഇതും ചേര്‍ത്തു''  മോഹന്‍ ഭാഗവത് പറഞ്ഞു.