മോഹന്‍ലാല്‍ മുന്‍കൂട്ടി അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാവില്ല: വീണ്ടും ഓര്‍ഗനൈസര്‍

പൃഥ്വിരാജിന്റെ ഹിന്ദുവിരുദ്ധ നിലപാട് നേരത്തെ പ്രകടമാണ്. ഇതൊരു ഒറ്റപ്പെട്ട കേസല്ല, മറിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് നയിക്കുന്ന കേരളത്തിലെ ചലച്ചിത്രമേഖലയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒരു പ്രത്യയശാസ്ത്ര പ്രസ്ഥാനത്തിന്റെ ഭാഗമാണ്. വളച്ചൊടിച്ച ചരിത്രവും തീവ്രവാദത്തെ വെള്ളപൂശലുമാണ് സിനിമയില്‍ കാണുന്നത്.

author-image
Biju
New Update
hggfhsh

മുംബൈ : നടന്‍ മോഹന്‍ലാലിനെതിരെ വീണ്ടും ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. മോഹന്‍ലാല്‍ എമ്പുരാന്റെ കഥ മുന്‍കൂട്ടി അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാവില്ല എന്നാണ് ഓര്‍ഗനൈസറിലെ വിമര്‍ശനം. എമ്പുരാനില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് സയീദ് മസൂദ് ആണെന്നത് യാദൃശ്ചികമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നും ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹറിന്റെയും ലഷ്‌കറെ തയിബ ഭീകരന്‍ ഹാഫിസ് സയീദിന്റെയും പേരുകളുടെ ഒരു സംയോജിത രൂപമാണ് ഇതെന്നും ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. 

പൃഥ്വിരാജിന്റെ ഹിന്ദുവിരുദ്ധ നിലപാട് നേരത്തെ പ്രകടമാണ്. ഇതൊരു ഒറ്റപ്പെട്ട കേസല്ല, മറിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് നയിക്കുന്ന കേരളത്തിലെ ചലച്ചിത്രമേഖലയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒരു പ്രത്യയശാസ്ത്ര പ്രസ്ഥാനത്തിന്റെ ഭാഗമാണ്. വളച്ചൊടിച്ച ചരിത്രവും തീവ്രവാദത്തെ വെള്ളപൂശലുമാണ് സിനിമയില്‍ കാണുന്നത്. ഹിന്ദു സമൂഹത്തെ വില്ലന്‍ വേഷത്തില്‍ അവതരിപ്പിച്ചുകൊണ്ട്  ഇസ്ലാമിക ഭീകരതയെ വെള്ളപൂശുന്നതാണ് എമ്പുരാനില്‍ കാണുന്നതെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. 

ഭാരതത്തിന്റെ ചരിത്രത്തിലെ ഒരു ദാരുണവും സങ്കീര്‍ണവുമായ അധ്യായമാണ് ഗുജറാത്ത് കലാപം. സിനിമയില്‍ വസ്തുതകളെ സൗകര്യപ്രദമായി വളച്ചൊടിക്കുകയാണ്. ഗോധ്രയില്‍ 59 നിരപരാധികളായ രാമഭക്തരുടെ ഭീകരമായ കൂട്ടക്കൊലയെ എമ്പുരാന്‍ അവഗണിക്കുകയും അവരെ നിസാരവല്‍ക്കരിക്കുകയും ചെയ്യുന്നു. വേദനാജനകമായ ഓര്‍മകള്‍ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഐക്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും തകര്‍ക്കുന്ന തരത്തില്‍ ഭിന്നതയുടെ വിത്തുകള്‍ വിതയ്ക്കുകയും ചെയ്യുന്ന രീതിയിലാണ് സിനിമയെന്നുമാണ് ലേഖനത്തിലെ വിമര്‍ശനം.

സിനിമയുടെ ആദ്യ ഭാഗമായ ലൂസിഫര്‍, ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അദൃശ്യമായ വിദേശ ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന വെറും പാവകളാണെന്ന ആശയം സൂക്ഷ്മമായി അവതരിപ്പിച്ചു. രണ്ടാം ഭാഗമായ എമ്പുരാന്‍, ഇന്ത്യയുടെ അന്വേഷണ ഏജന്‍സികള്‍, നിയമപാലകര്‍, ജുഡീഷ്യറി എന്നിവയെ ലക്ഷ്യം വച്ചുകൊണ്ട് ഇതിനെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും ആണ് ലേഖനത്തിലെ കുറ്റപ്പെടുത്തല്‍. 

എമ്പുരാന്‍ പൊതുജനങ്ങളെ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍നിന്ന് അകറ്റാന്‍ സാധ്യതയുണ്ട്. ദേശീയ പ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഒരു സൂക്ഷ്മമായ ശ്രമമാണ് സിനിമയില്‍. പ്രധാന കഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പള്ളി നിയമത്തിന്റെ ചട്ടക്കൂടിന് പുറത്തു നിന്നാണ് പ്രവര്‍ത്തിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ മാര്‍ഗങ്ങളിലൂടെ മാത്രമേ നീതി നടപ്പാക്കാന്‍ കഴിയൂ എന്നു സിനിമയിലൂടെ പറയുന്നു എന്നും ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

Empuraan