/kalakaumudi/media/media_files/2026/02/10/n-vasuuuuu-2026-02-10-12-58-08.jpg)
ന്യൂഡൽഹി: ശബരിമല സ്വർണകവർച്ച കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവർധന് ജാമ്യമില്ല. ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
ഈ ഘട്ടത്തിൽ ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.കുറ്റപത്രം അടക്കം സമർപ്പിച്ചശേഷം ജാമ്യാപേക്ഷ നൽകാനും സുപ്രീം കോടതി നിർദേശിച്ചു.
താൻ അയ്യപ്പ ഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് ജാമ്യഹർജിയിൽ ഗോവർധൻ ചൂണ്ടിക്കാട്ടിയിരുന്നത്.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഗോവർധൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിച്ചാണ് കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.
അതിനിടെ, സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് നാളെ നിർണായകം. വാസുവിന്റെ ജാമ്യ ഹർജിയിൽ കോടതി നാളെ വിധി പ്രസ്താവിക്കും.
റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായത് ചൂണ്ടിക്കാട്ടി, സ്വാഭാവിക ജാമ്യം തേടിയാണ് വാസു കൊല്ലം വിജിലൻസ് കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്. ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ മൂന്നാം പ്രതിയാണ് മുൻ ദേവസ്വം കമ്മീഷണറും മുൻ ദേവസ്വം പ്രസിഡന്റുമായ വാസു.നേരത്തെ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.
ദൈവത്തെ കൊള്ളയടിച്ച കേസല്ലേ എന്നു ചോദിച്ചായിരുന്നു വാസുവിന്റെ ജാമ്യഹർജി സുപ്രീംകോടതി തള്ളിയത്. ദൈവത്തെപ്പോലും വെറുതെ വിടാത്ത വലിയ കവർച്ചയാണ് ശബരിമലയിൽ നടന്നതെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.
സ്വർണക്കൊള്ള കേസിൽ എസ്‌ഐടി ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. പോറ്റി അടക്കം നാലുപേർക്കാണ് ഇതുവരെ ജാമ്യം ലഭിച്ചിട്ടുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
