ഡിണ്ടിഗല്‍ - ശബരിമല റെയില്‍പാതയ്ക്ക് സാധ്യതാ പഠനം നടത്താന്‍ റെയില്‍വേ

അങ്കമാലി- ശബരിമല പാതയില്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയാല്‍ പാത നിര്‍മാണം തുടങ്ങുമെന്ന് മന്ത്രി ലോക്സഭയില്‍ അറിയിച്ചു. സഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്

author-image
Biju
New Update
SABAARI RIL

ന്യൂഡല്‍ഹി: ഡിണ്ടിഗല്‍- ശബരി റെയില്‍ പാതയില്‍ സാധ്യാത പഠനം നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. അങ്കമാലി- ശബരിമല പാതയില്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയാല്‍ പാത നിര്‍മാണം തുടങ്ങുമെന്ന് മന്ത്രി ലോക്സഭയില്‍ അറിയിച്ചു. സഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ നിലവിലെ പുരോഗതിയെക്കുറിച്ച് ആന്റോ ആന്റണി എംപി ഉള്‍പ്പെടെയുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.

1989 ഡിസംബറിലാണ് ശബരിമലയ്ക്ക് ഒരു റെയില്‍വേ പാത എന്ന നിര്‍ദേശം പാര്‍ലമെന്റില്‍ ആദ്യമായി അവതരിപ്പിക്കപ്പെുന്നത്. പത്തു വര്‍ഷം കൊണ്ടു പടിപടിയായി അംഗീകാരങ്ങള്‍ നേടിയെടുക്കുകയായിരുന്നു. 1998ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് അങ്കമാലി-എരുമേലി പാതയ്ക്ക് അവസാന അംഗീകാരം ലഭിക്കുന്നത്. എരുമേലിയില്‍നിന്ന് പുനലൂര്‍ വഴി കന്യാകുമാരി വരെ പാത നീട്ടുന്ന തരത്തിലാണ് നിര്‍ദേശം വച്ചിരുന്നത്. എല്ലാ ഭാഗത്തുനിന്നും ഭക്തര്‍ക്ക് ശബരിമലയിലേക്ക് ട്രെയിനില്‍ എത്താന്‍ കഴിയുന്ന പാതയായിരുന്നു ലക്ഷ്യം. അന്നത്തെ കണക്കനുസരിച്ച് 550 കോടി രൂപയ്ക്കു തീരേണ്ടിയിരുന്ന പദ്ധതിയാണ് ഇപ്പോള്‍ 4000 കോടിയോളം എസ്റ്റിമേറ്റ് എത്തിയിരിക്കുന്നത്.

ശബരി റെയില്‍ സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ പാതയ്ക്കായി സ്ഥലം തിരിച്ച് കല്ലിട്ട 72 കിലോമീറ്റര്‍ പ്രദേശത്തെ ജനങ്ങളും ആശ്വാസത്തിലാണ്. വിവിധ സ്ഥലങ്ങളിലായി പദ്ധതിയുടെ അനിശ്ചിതാവസ്ഥക്കെതിരെ പ്രതിഷേധിച്ച് 11 കര്‍മസമിതികളും അവയുടെ അപ്പെക്സ് കമ്മിറ്റികളും നിലവിലുണ്ട്. അങ്കമാലിയില്‍ ആരംഭിച്ച് കോട്ടയം ജില്ലയിലെ രാമപുരം റെയില്‍വേ സ്റ്റേഷന്‍ വരെ 72 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 2,125 കുടുംബങ്ങളുടെ ഭൂമിയിലാണ് ശബരി റെയില്‍വേ പദ്ധതിക്കു വേണ്ടി റവന്യു വകുപ്പും റെയില്‍വേയും ചേര്‍ന്ന് കല്ലിട്ട് തിരിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങള്‍ വില്‍ക്കാനോ ബാങ്ക് വായ്പ എടുക്കാനോ സ്ഥലം ഉടമകള്‍ക്ക് കഴിയുന്നില്ല. രാമപുരം മുതല്‍ എരുമേലി സ്റ്റേഷന്‍ വരെ ഏരിയല്‍ സര്‍വേ മാത്രമേ നടത്തിയിട്ടുള്ളു. അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മുവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നീ സ്റ്റേഷനുകളാണ് നിര്‍ദിഷ്ട പാതയിലുള്ളത്.

111 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ ഏഴു കിലോമീറ്റര്‍ ട്രാക്കും കാലടി സ്റ്റേഷനും പെരിയാറിനു കുറുകെ ഒരു കിലോമീറ്റര്‍ പാലവും പണിതിട്ടുണ്ട്. പദ്ധതിക്കായി ആകെ വേണ്ട 303.58 ഹെക്ടറില്‍ ഇതുവരെ 24.40 ഹെക്ടറാണ് ഏറ്റെടുത്തിരിക്കുന്നത്. ബാക്കിയുള്ള സ്ഥലമേറ്റെടുപ്പ് ജൂലൈയില്‍ ആരംഭിക്കുമെന്നാണ് ഇന്നത്തെ ചര്‍ച്ചയ്ക്കു ശേഷം മന്ത്രി അബ്ദു റഹിമാന്‍ അറിയിച്ചിരിക്കുന്നത്. കാലടി-തൊടുപുഴ ദൂരം 48 കിലോമീറ്ററാണ്. 720 കോടി രൂപയുണ്ടെങ്കില്‍ തൊടുപുഴ വരെ പാത നിര്‍മിക്കാന്‍ കഴിയും. നിര്‍മാണച്ചെലവ് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായ ഭിന്നതയാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പദ്ധതിക്കു തടസമായിരുന്നത്.

2015ല്‍ യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിയുടെ പകുതിച്ചെലവ് വഹിക്കാമെന്നു കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതില്‍നിന്നു പിന്മാറി. 2021ല്‍ ഉപാധികളോടെ സമ്മതം അറിയിച്ചു. 2023ല്‍ വിശദമായ എസ്റ്റിമേറ്റില്‍ ഒപ്പിടാതിരുന്നു. 2024ല്‍ എസ്റ്റിറ്റേ് ഒപ്പിട്ടെങ്കിലും ഈ തുക സംസ്ഥാനത്തിന്റെ കടമെടുപ്പുപരിധിയില്‍നിന്ന് ഒഴിവാക്കണമെന്നുള്ള ഉപാധി വച്ചു. ഇതൊക്കെ പദ്ധതിയെ പിന്നോട്ടടിച്ചുവെന്നാണ് ദക്ഷിണ റെയില്‍വേ കുറ്റപ്പെടുത്തുന്നത്.

ശബരിപാതയുടെ പദ്ധതിച്ചെലവ് 1997ല്‍ 540 കോടി രൂപയായിരുന്നത് നിര്‍മാണം നീണ്ടതോടെ 2017ല്‍ 2815 കോടി രൂപയായി. സ്ഥലമേറ്റെടുക്കുന്നതിലും പദ്ധതിയുടെ ചെലവു പങ്കിടുന്ന കാര്യത്തിലും തീരുമാനം വൈകിയതോടെ 2019ല്‍ റെയില്‍വേ പദ്ധതി മരവിപ്പിച്ചു. അങ്കമാലി മുതല്‍ കാലടി വരെ 7 കിലോമീറ്റര്‍ പാത നിര്‍മിച്ചതു മാത്രമാണു ബാക്കി. രാമപുരം വരെ ഭൂമിയേറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. 2021ല്‍ കിഫ്ബി വഴി പദ്ധതി നടപ്പാക്കാന്‍ കേരളം കത്തു നല്‍കിയെങ്കിലും എസ്റ്റിമേറ്റ് പുതുക്കാനാണ് റെയില്‍വേ ആവശ്യപ്പെട്ടത്. 3810 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ഇപ്പോള്‍ റെയില്‍വേയുടെ പരിഗണനയിലുള്ളത്. ഇതിനിടെ പദ്ധതി ഇരട്ടപ്പാതയാക്കണമെന്നും പമ്പ വരെ നീട്ടണമെന്നും റെയില്‍വേ ആവശ്യപ്പെട്ടു. ഇരട്ടപ്പാതയാകുമ്പോള്‍ ചെലവ് 9,600 കോടിയായി ഉയരും. ഇതിന്റെ പകുതി വിഹിതമായി 4500 കോടിയിലധികം കണ്ടെത്തുക കേരളത്തിന് ഒരുതരത്തിലും എളുപ്പമല്ല എന്നതും പദ്ധതിക്കു തിരിച്ചടിയായിരുന്നു.

ശബരിമലയുടെ കവാടമായ എരുമേലിയിലേക്കു റെയില്‍പാതയെന്ന സ്വപ്നം യാഥാര്‍ഥ്യമായാല്‍ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോര മേഖലകളില്‍ വികസനത്തിന്റെ പുതുവെളിച്ചമെത്തുമെന്ന പ്രതീക്ഷയാണുള്ളത്. റെയില്‍വേ കടന്നുചെന്നിട്ടില്ലാത്ത കേരളത്തിന്റെ മലയോര മേഖലകളില്‍ 14 റെയില്‍വേ സ്റ്റേഷനുകള്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഇടുക്കി ജില്ല, നിര്‍ദിഷ്ട ശബരിമല വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്കു റെയില്‍വേ കണക്ടിവിറ്റി ലഭിക്കും. വന്ദേഭാരത് ട്രെയിന്‍ ഉള്‍പ്പെടെ ഓടിക്കാന്‍ കഴിയുംവിധം വൈദ്യുതീകരണ സംവിധാനത്തില്‍ മാറ്റംവരുത്തിയുള്ള എസ്റ്റിമേറ്റാണ് ഇപ്പോള്‍ ശബരി പാതയ്ക്കുള്ളത്. ശബരിമല യാത്രയ്ക്കു പുറമേ പെരുമ്പാവൂര്‍- കാലടി മേഖലയിലെ പ്ലൈവുഡ് നിര്‍മാണ, അരി സംസ്‌കരണ വ്യവസായങ്ങള്‍ക്കും പൈനാപ്പിള്‍ വ്യാപാരികള്‍ക്കും ഇടുക്കി ജില്ലയ്ക്കും കിഴക്കന്‍ കേരളത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ക്കും റെയില്‍വേ സൗകര്യം നല്‍കുന്നതാണ് പദ്ധതി. മൂന്നാര്‍ അടക്കം ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും വിവിധ തീര്‍ഥാടന കേന്ദ്രങ്ങള്‍ക്കും പ്രയോജനം ലഭിക്കും.

പെരുമ്പാവൂരിലെ 540 പ്ലൈവുഡ് വ്യവസായ യൂണിറ്റുകള്‍, കോതമംഗലം- നെല്ലിക്കുഴിയിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ നിര്‍മാണ ക്ലസ്റ്റര്‍, മൂവാറ്റുപുഴ-നെല്ലാടിലെ കിന്‍ഫ്ര ഫുഡ് പാര്‍ക്ക്, കേരളത്തില്‍ ഉപയോഗിക്കുന്ന അരിയുടെ 80% സംസ്‌കരിക്കുന്ന കാലടിയിലെ അരിമില്ലുകള്‍, തൊടുപുഴയിലെ കിന്‍ഫ്ര സ്‌പൈസസ് പാര്‍ക്ക് എന്നിവയ്ക്കു റെയില്‍വേ സൗകര്യം ലഭ്യമാകും. പൈനാപ്പിള്‍, ഏലം, കുരുമുളക്, റബര്‍ തുടങ്ങിയ കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതിക്കു റെയില്‍വേ ഉപയോഗപ്പെടുത്താം.

പെരുമ്പാവൂരില്‍ നിന്നു ശരാശരി 500 ട്രക്ക് പ്ലൈവുഡും ഇന്ത്യയുടെ പൈനാപ്പിള്‍ സിറ്റിയായ വാഴക്കുളത്തു നിന്ന് 250 ട്രക്ക് പൈനാപ്പിളും പ്രതിദിനം ദേശിയ-രാജ്യാന്തര മാര്‍ക്കറ്റുകളിലേക്കു കയറ്റി അയയ്ക്കുന്നുണ്ട് എന്നാണ് കണക്ക്. തുറമുഖ കണക്റ്റിവിറ്റിക്ക് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച റെയില്‍ ഇടനാഴി (റെയില്‍ സാഗറില്‍) ഉള്‍പ്പെടുത്തി വിഴിഞ്ഞം തുറമുഖത്തേക്കു ബന്ധിപ്പിക്കാവുന്ന പാതയാണിത്. ഇതിനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയ്ക്കു കൈമാറിയിട്ടുണ്ട്. പാത എരുമേലിയില്‍നിന്ന് റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂര്‍, അഞ്ചല്‍, കിളിമാനൂര്‍, വെഞ്ഞാറമൂട്, നെടുമങ്ങാട്, കാട്ടാക്കട വഴി തിരുവനന്തപുരം- ബാലരാമപുരത്തേക്കു വികസിപ്പിക്കുകയാണെങ്കില്‍ 25 പുതിയ റെയില്‍വേ സ്റ്റേഷനുകളുള്ള സമാന്തര റെയില്‍പാത സംസ്ഥാന തലസ്ഥാനത്തേക്ക് രൂപപ്പെടുകയും ചെയ്യും.

പഴയപദ്ധതിയില്‍ ശബരി റെയില്‍പാതയിലെ 14 സ്റ്റേഷനുകള്‍

1. 0 കിലോമീറ്റര്‍- അങ്കമാലി: അങ്കമാലി സ്റ്റേഷന്‍ ജംക്ഷന്‍ സ്റ്റേഷനായി മാറും. സ്റ്റേഷനില്‍നിന്ന് എറണാകുളം ഭാഗത്തേക്കുള്ള പാതയില്‍നിന്ന് ഇടത്തേക്കു തിരിഞ്ഞ് ശബരി പാത ആരംഭിക്കും.

2. 6.95 കി.മീ- കാലടി: കാലടി എയര്‍പോര്‍ട്ട് റോഡില്‍ കാലടി സ്റ്റേഷന്‍. ഈ സ്റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടു വര്‍ഷങ്ങളായി. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 5 കിലോമീറ്റര്‍ മാത്രം അകലെയാണു സ്റ്റേഷന്‍. ഇവിടെ വരെ പാത നിര്‍മാണം പൂര്‍ത്തിയായി.

3. 16 കി.മീ- പെരുമ്പാവൂര്‍: റെയില്‍വേയ്ക്ക് ഗുഡ്‌സ് സര്‍വീസ് വഴി നേട്ടമുണ്ടാക്കാന്‍ സാധിക്കുന്ന മേഖലകളില്‍ ഒന്ന്. തടിവ്യാപാരത്തിന്റെ പ്രധാന കേന്ദ്രം. കാലടി പെരുമ്പാവൂര്‍ മേഖലയില്‍ അരിമില്ലുകളും ധാരാളം.

4. 26 കി.മീ.- ഓടക്കാലി: പെരുമ്പാവൂര്‍ ഓടക്കാലി മേഖലയില്‍ നെല്ല്, വാഴ, ജാതി, റബര്‍ കൃഷി വ്യാപകം

5. 31 കി.മീ- കോതമംഗലം: മൂന്നാറിന്റെ കവാടമായി മാറുന്ന സ്റ്റേഷന്‍. മൂന്നാര്‍ (80 കി.മീ), അടിമാലി (50 കി.മീ), ചീയപ്പാറ വെള്ളച്ചാട്ടം (30 കി.മീ).

6. 40 കി.മീ- മൂവാറ്റുപുഴ: നിര്‍ദിഷ്ട കൊച്ചി തേനി ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയ്ക്കു സമീപമാണു മൂവാറ്റുപുഴയില്‍ സ്റ്റേഷന്‍.

7. 48 കി.മീ.- വാഴക്കുളം: കേരളത്തിന്റെ പൈനാപ്പിള്‍ സിറ്റി. തൊടുപുഴ റോഡിനു സമീപമാണു സ്റ്റേഷന്‍.

8. 55 കി.മീ. -തൊടുപുഴ: ഇടുക്കി ജില്ലയിലെ ആദ്യ റെയില്‍വേ സ്റ്റേഷന്‍. കോലാനി ബൈപാസും രാമമംഗലം തൊടുപുഴ റോഡും ചേരുന്നതിനു സമീപമാണു നിര്‍ദിഷ്ട സ്റ്റേഷന്‍.

9. 62 കി.മീ.- കരിങ്കുന്നം: മൂലമറ്റം പവര്‍ ഹൗസ്, മൂലമറ്റം എഫ്‌സിഐ ഗോഡൗണ്‍ എന്നിവയ്ക്ക് അടുത്തുള്ള സ്റ്റേഷന്‍. തുടങ്ങനാട് കിന്‍ഫ്ര സ്‌പൈസസ് പാര്‍ക്കിനു റെയില്‍ കണക്ടിവിറ്റി.

10. 69 കി.മീ.- രാമപുരം: പിഴകിലാണു സ്റ്റേഷന്‍. ഇവിടെ വരെയാണു കോട്ടയം ജില്ലയില്‍ സ്ഥലമേറ്റെടുപ്പിന് കല്ലിട്ടിരിക്കുന്നത്.

11. 80 കി.മീ.-ഭരണങ്ങാനം ഫോര്‍ പാലാ: പാലാ ടൗണില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെ ദീപ്തി ജംക്ഷനിലാണു സ്റ്റേഷന്‍.

12. 90 കി.മീ.- ചെമ്മലമറ്റം: ഈരാറ്റുപേട്ടയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണു സ്റ്റേഷന്‍.

13. 100 കി.മീ.- കാഞ്ഞിരപ്പള്ളി റോഡ്: പാറത്തോടിനു സമീപാണു കാഞ്ഞിരപ്പള്ളി റോഡ് സ്റ്റേഷന്‍. തേക്കടി (71 കിമീ), പീരുമേട് (35കിമീ), പൊന്‍കുന്നം (9 കി.മീ), കുമളി (68 കി.മീ), കുട്ടിക്കാനം (32 കി.മീ), ഏലപ്പാറ വഴി വാഗമണ്‍ (58 കി.മീ.) എന്നിവിടങ്ങളിലേക്കു പോകാം.

14. 111 കി.മീ.- എരുമേലി: എരുമേലിയില്‍നിന്നു 5 കി.മീ. അകലെ എംഇഎസ് കോളജിനു സമീപമാണു നിര്‍ദിഷ്ട സ്റ്റേഷന്‍. ഇവിടെനിന്നു ശബരിമലയിലേക്ക് 43 കിലോമീറ്റര്‍ മാത്രം. നിര്‍ദിഷ്ട എരുമേലി വിമാനത്താവളം 8 കിലോമീറ്റര്‍ അകലെ.