ശബരിമല യുവതിപ്രവേശനം; പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി പരിശോധിക്കുന്നു

ശബരിമല സ്ത്രീപ്രവേശനം ഉള്‍പ്പെടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീര്‍ണ വിഷയങ്ങളടങ്ങുന്ന 67 ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. ഇവ പരിഗണിക്കാനുള്ള ഒമ്പതംഗ ബെഞ്ച് രൂപവത്ക്കരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുന്നതിനാണ് മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കുന്നത്

author-image
Biju
New Update
supreem court

ന്യൂഡല്‍ഹി/ കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഏഴ് വര്‍ഷത്തിനുശേഷം ഈ വിഷയം പരിഗണിക്കുന്നത്. ശബരിമല സ്ത്രീപ്രവേശനം ഉള്‍പ്പെടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീര്‍ണ വിഷയങ്ങളടങ്ങുന്ന 67 ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. ഇവ പരിഗണിക്കാനുള്ള ഒമ്പതംഗ ബെഞ്ച് രൂപവത്ക്കരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുന്നതിനാണ് മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കുന്നത്.

ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും നിലപാട് വ്യക്തമാക്കേണ്ടതായി വരും. ശബരിമലയ്ക്ക് പുറമേ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്സി സ്ത്രീകളുടെ ക്ഷേത്രപ്രവേശനം, ഷിയാ മുസ്ലിങ്ങളിലെ ദാവൂദി ബോറ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളിലെ ചേലാകര്‍മം എന്നിവയിലെ പൊതു നിയമപ്രശ്നങ്ങളാണ് ഒന്പതംഗ ബെഞ്ച് പരിഗണിക്കുക. ഒമ്പതംഗ ബഞ്ചിന്റെ വിധിക്കനുസൃതമായി അഞ്ചംഗ ബെഞ്ച് വീണ്ടും ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച് അന്തിമ വിധി പുറപ്പെടുവിക്കും.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാന്‍ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ് വ്യക്കമാക്കിയിരുന്നു. ആദ്യം പുനഃപരിശോധന ബെഞ്ച് വരട്ടെ. അതിനുശേഷം നിലപാട് അറിയിക്കും. സര്‍ക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടോ എന്നതും പുതിയ ബെഞ്ച് ആണ് തീരുമാനിക്കേണ്ടത്. സര്‍ക്കാര്‍ നിലപാട് അല്ല പുനഃപരിശോധിക്കുന്നതെന്നും പി രാജീവ് പറഞ്ഞു.

ഇന്‍സ്റ്റന്റ് നിലപാടിന്റെ ആളാണ് പ്രതിപക്ഷ നേതാവ്. സതീശന്റെ വര്‍ത്തമാനം മോഹകസേര കണ്ടാണ്. ആഗോള അയ്യപ്പ സംഗമം ഓഡിറ്റര്‍ സാധാരണ നിലയില്‍ സ്വീകരിക്കേണ്ട രീതിയിലല്ല കാര്യം ചെയ്തത്. അസാധാരണത്വം ഉണ്ടായിരുന്നുവെന്നും പി രാജീവ് പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ പറയുന്ന കാര്യം തനിക്ക് പറയാനാവില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം.