സദ്ഗുരുവിന് മസ്തിഷ്‌ക സര്‍ജറി; ആരോഗ്യം മെച്ചപ്പെടുന്നു; തന്റെ തലയില്‍ 'ഒന്നുമില്ലെന്ന്' സദ്ഗുരു

സദ്ഗുരുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു

author-image
Rajesh T L
New Update
Sadhguru

സദ്ഗുരു

Listen to this article
0.75x 1x 1.5x
00:00 / 00:00

 ന്യൂഡല്‍ഹി: ഇഷ ഫൗണ്ടേഷന്‍ സ്ഥാപകനും ആത്മീയ ഗുരുവുമായ സദ്ഗുരു ജഗ്ഗി വാസുദേവിനെഅടിയന്തരമസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.17ാം തീയതി ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ വച്ചാണ് ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. നിലവില്‍ സദ്ഗുരുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.

കഴിഞ്ഞ നാലാഴ്ചയായി കടുത്ത തലവേദനയുണ്ടായിരുന്നിട്ടും അദ്ദേഹം ചികിത്സ തേടിയിരുന്നില്ല. ദൈനംദിന പരിപാടികളും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം മാര്‍ച്ച് 8 ന് മഹാ ശിവരാത്രി ആഘോഷങ്ങളിലും സജീവമായിരുന്നു. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതായി ഈഷ ഫൗണ്ടേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

'സദ്ഗുരുവിന്റെ ജീവനുതന്നെ ഭീഷണി ആയേക്കാമായിരുന്ന മസ്തിഷ്‌ക  രക്തസ്രാവത്തെ തുടര്‍ന്നാണ് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നത്. അതിനുശേഷം ആരോഗ്യനിലയില്‍  പുരോഗതിയുണ്ടായതായി ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു' എന്നാണ് സദ്ഗുരുവിനെ ചികില്‍സിച്ച അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍ വിനിത് സുരി എക്‌സില്‍ വിശദീകരിച്ചത്.

കഴിഞ്ഞ നാലാഴ്ചയായി കടുത്ത തലവേദനയുണ്ടായിരുന്നു. എന്നാല്‍, അത് കാര്യമാക്കാതെ സ്ഥിരം പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ശിവരാത്രി ദിവസത്തില്‍ രാത്രി മുഴുവന്‍ നീണ്ടുനിന്ന പ്രത്യേക ആഘോഷ പരിപാടികളും സംഘടിപ്പിച്ചിരുന്നു. മാര്‍ച്ച് 14 ന് ഡല്‍ഹിയിലെത്തിയപ്പോഴാണ് തലവേദന കൂടുതല്‍ രൂക്ഷമായത്. തുടര്‍ന്ന് ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഡോ. വിനിത് സുരിയുടെ നിര്‍ദേശപ്രകാരം എംആര്‍ഐ സ്‌കാനിന് വിധേയനായപ്പോഴാണ് തലച്ചോറില്‍ വലിയ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയത്.

എന്നാല്‍, ചില ജോലികള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ടെന്ന് പറഞ്ഞ് സദ്ഗുരു ആശുപത്രിയില്‍ അഡ്മിറ്റാവാന്‍ തയ്യാറായില്ല. മാര്‍ച്ച് 17 ന് അവസ്ഥ കൂടുതല്‍ മോശമാവുകയും ഇടത്തേ കാലിന് തളര്‍ച്ച അനുഭവപ്പെടുകയും ചെയ്തു. തലവേദന കൂടി ഛര്‍ദിയും തുടങ്ങി. ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സി.ടി സ്‌കാന്‍ എടുത്തപ്പോള്‍ ജീവന്‍ തന്നെ അപകടത്തിലാവുന്ന ഗുരുതരമായ സാഹചര്യമുണ്ടെന്ന് മനസിലാക്കി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന് പിന്നീട് വെന്റിലേറ്റര്‍ സഹായം കുറച്ചു.

ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം സോഷ്യല്‍ മീഡിയില്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. അപ്പോളോ ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍മാര്‍ തന്റെ തലയോട്ടി മുറിച്ച് അതിനുള്ളില്‍ നിന്ന് എന്തെങ്കിലും കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും അത് കാലിയായിരുന്നതിനാല്‍ ഒന്നു കിട്ടിയില്ലെന്നാണ് അദ്ദേഹം തമാശ രൂപേണ വീഡിയോയില്‍ പറഞ്ഞത്.

അദ്ദേഹം സുഖംപ്രാപിച്ച് വരുന്നതായി ഇഷ ഫൗണ്ടേഷന്‍ പുറത്തിറക്കിയ മാധ്യമ പ്രസ്താവനയില്‍ പറയുന്നു. ജീവന്‍ തന്നെ അപകടത്തിലാവുമായിരുന്ന ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹമെന്നും പ്രസ്താവനയിലുണ്ട്.

 

 

delhi Isha sadhguru headth