/kalakaumudi/media/media_files/2025/01/22/STJLDPR8AV09nVqy3FB4.jpg)
Sanju Samson
കൊല്‍ക്കത്ത: ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കം. വൈകിട്ട് ഏഴിനാണ് അഞ്ച് മത്സരങ്ങളിലെ ആദ്യ ടി20. മുഹമ്മദ് ഷമി പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന പരമ്പരയാണിത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങുന്നത്. ജോസ് ബട്‌ലറാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍. ആദ്യ മത്സരത്തിനുള്ള ടീമിനെ നേരത്തെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരുന്നു.
അവസാനമായി കളിച്ച രണ്ടു ടി20 പരമ്പരകളില്‍ ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരെ കെട്ടുകെട്ടിക്കാന്‍ ഇന്ത്യക്കായിരുന്നു. ഇനി ഇംഗ്ലണ്ടിനെതിരേയും പ്രകടനം ആവര്‍ത്തിക്കാനാണ് സൂര്യയുടെയും സംഘത്തിന്റെയും ശ്രമം. പക്ഷെ മുന്‍ ടി20 ലോകകപ്പ് ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ വീഴ്ത്തണമെങ്കില്‍ ഏറ്റവും മികച്ച കളി തന്നെ ഇന്ത്യക്കു പുറത്തെടുക്കേണ്ടതായി വരും. ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നു നമുക്കു നോക്കാം.
ഓപ്പണിങ് ജോടി
ഇന്ത്യയുടെ ഓപ്പണിങ് ജോടികള്‍ ആരൊക്കെയാവുമെന്ന കാര്യത്തില്‍ സംശയങ്ങളൊന്നും തന്നെയില്ല. സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്നായിരിക്കും ടീമിനായി ഓപ്പണിങില്‍ ഇറങ്ങുന്നത്. തുടര്‍ച്ചയായി എട്ടാമത്തെ ടി20യിലാണ് ഈ ജോടി ഓപ്പണിങിലെത്തുന്നത്. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരുമായുള്ള കഴിഞ്ഞ പരമ്പരയിലും സഞ്ജു- അഭിഷേക് ജോടിക്കു തന്നെയായിരുന്നു ദൗത്യം.
ഇപ്പോഴത്തെ വിവാദങ്ങളും ചാംപ്യന്‍സ് ട്രോഫി ടീമില്‍ നിന്നും തഴയപ്പെട്ടതുമെല്ലാം സഞ്ജുവിന്റെ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. കഴിഞ്ഞ രണ്ടു പരമ്പരകളില്‍ ഇത്തരം സാഹചര്യങ്ങളിലൂടെയൊന്നും അദ്ദേഹത്തിനു കടന്നു പോവേണ്ടതായി വന്നിരുന്നില്ല. അതുകൊണ്ടു തന്നെ സമ്മര്‍ദ്ദമില്ലാകെ ഏറ്റവും മികച്ച പ്രകടനവും സഞ്ജു പുറത്തെടുക്കുകയും ചെയ്തു. അഞ്ചു ടി20ക്കിടെ മൂന്നു സെഞ്ച്വറികളാണ് അദ്ദേഹം വാരിക്കൂട്ടിയത്.
ഇന്ത്യന്‍ മധ്യനിരയിലേക്കു വന്നാല്‍ മൂന്നാം നമ്പറില്‍ യുവതാരവും ഓള്‍റൗണ്ടറുമായ തിലക് വര്‍മ കളിക്കും. സാധാരണയായി മൂന്നാമനായി നായകന്‍ സൂര്യകുമാര്‍ യാദവാണ് ബാറ്റ് ചെയ്യാറുള്ളതെങ്കിലും ഈ പരമ്പരയില്‍ തിലകിനാണ് ഈ റോളിലേക്കു നറുക്കു വീഴുക. കാരണം സൗത്താഫ്രിക്കയുമായുള്ള അവസാന പരമ്പരയില്‍ സൂര്യക്കു പകരം അദ്ദേഹം മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പട്ടിരുന്നു. തുടരെ രണ്ടു സെഞ്ച്വറികളോടെയാണ് തിലക് ഇതിനോടു പ്രതികരിച്ചത്.
ഈ കാരണത്താല്‍ തന്നെ ഇംഗ്ലണ്ടിനെതിരേയും തന്റെ ഫേവറിറ്റ് പൊസിഷന്‍ തിലകിനു നല്‍കി സൂര്യ വീണ്ടും നാലാം നമ്പറിലേക്കു ഇറങ്ങും. നാലാമനായി 169.68 സ്ട്രൈക്ക് റേറ്റില്‍ 1595 റണ്‍സ് സ്‌കൈ അടിച്ചെടുത്തിട്ടുണ്ട്. അഞ്ചാമനായി ക്രീസിലെത്തുക സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ഈ പരമ്പരയില്‍ ഇന്ത്യ ജയിക്കണമെങ്കില്‍ ബാറ്റിങിനൊപ്പം ബൗളിങിലും അദ്ദേഹത്തില്‍ നിന്നും മികച്ച സംഭാവനകള്‍ ടീമിനു ആവശ്യമാണ്.
ഹാര്‍ദിക്കിനു ശേഷം ഫിനിഷിങില്‍ റിങ്കു സിങിന്റെ ഊഴമായിരിക്കും അതിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ താരോദയമായ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും കളിക്കും. തുടര്‍ന്ന് എട്ടാമനായി ഇടംകൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേല്‍ കളിക്കാനിറങ്ങും.
ബൗളിങ് നിര
ഇന്ത്യയുടെ ബൗളിങ് ലൈനപ്പില്‍ ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറും രണ്ടു ഫാസ്റ്റ് ബൗളര്‍മാരും കളിക്കും. വരുണ്‍ ചക്രവര്‍ത്തിയായിരിക്കും ടീമിന്റെ പ്രധാന സ്പിന്നര്‍. പക്ഷെ പേസ് നിരയില്‍ പരിചയ സമ്പനന്നായ മുഹമ്മദ് ഷമി കളിച്ചേക്കില്ല.
പരിശീലനത്തിടെ ചെറുതായി പരിക്കേറ്റ അദ്ദേഹത്തിനു വിശ്രമം നല്‍കിയേക്കും. പകരം അര്‍ഷ്ദീപ് സിങായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ഹര്‍ഷിത് റാണയായിരിക്കും ഇലവനിലെ രണ്ടാമത്തെ ഫാസ്റ്റ് ബൗളര്‍.
മത്സരം കാണാന്‍
മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം കാണാം. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലും മത്സരം കാണാം.
പിച്ച് റിപ്പോര്‍ട്ട്
പരമ്പരാഗതമായി ബാറ്റര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചാണ് കൊല്‍ക്കത്തയിലേത്. എന്നാല്‍ മഞ്ഞുണ്ടായിരിക്കും. അതുകൊണ്ടുതന്നെ ആദ്യം ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുത്തേക്കും. മഴയ്ക്ക് സാധ്യതയില്ല. തെളിഞ്ഞ ആകാശമാണ് കൊല്‍ക്കത്തയില്‍. ക്രിക്കറ്റ് ആരാധകര്‍ക്ക് മുഴുവന്‍ ഓവര്‍ മത്സരവും കാണാം.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍
ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബെഥേല്‍, ജാമി ഓവര്‍ട്ടണ്‍, ഗസ് അറ്റ്കിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍
അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.