/kalakaumudi/media/media_files/2025/01/17/Tdee1pe5fNLPZuuQlY63.jpg)
samson sanju
മുംബൈ: തുടര്‍ച്ചയായി രാജ്യാന്തരമത്സരങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്ന മലയാളി താരം സഞ്ജു സാംസണിന് കുരുക്കായി അന്വേഷണം വരുന്നു. ആഭ്യന്തര ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാതിരുന്നതിനാലാണ് സഞ്ജു സാംസണിന് എതിരെ ബിസിസിഐ അന്വേഷണം.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുമുള്ള ഇന്ത്യന്‍ ടീമിലേക്ക് പ്രതീക്ഷ വെച്ച സഞ്ജു സാംസണിന് ഇത് തിരിച്ചടിയായിരിക്കുകയാണ്. ഏകദിന ഫോര്‍മാറ്റില്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ലാത്ത താരമായ സഞ്ജുവിന് പകരം ഋഷഭ് പന്തിനെ തിരഞ്ഞെടുക്കാനാണ് ഇന്ത്യന്‍ സെലക്ടര്‍മാരുടെ നീക്കം.
വിജയ് ഹസാരെ ട്രോഫിക്കുള്ള പരിശീലന ക്യാംപില്‍ ഉണ്ടാവില്ലെന്ന് സഞ്ജു അറിയിച്ചതിന് പിന്നാലെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ താരത്തെ ടീമില്‍നിന്ന് ഒഴിവാക്കിയത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സെലക്ടര്‍മാരും ബിസിസിഐയും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു.
അനുമതിയില്ലാതെ ആഭ്യന്തര മത്സരങ്ങള്‍ നഷ്ടപ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും അവസരം നഷ്ടമായിരുന്നു. സാംസണിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ് ഉണ്ടായത്.
കേരള ക്രിക്കറ്റ് അക്കാദമിയുമായി സഞ്ജു നല്ല ചേര്‍ച്ചയിലല്ല. പക്ഷേ ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെങ്കില്‍ അവരുടെ പിന്തുണ കൂടി ലഭിക്കേണ്ടതുണ്ട്. കൂടുതല്‍ സമയവും സഞ്ജു ദുബായിലാണ് ചെലവഴിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത് ബിസിസിഐ വ്യക്തമാക്കി.
ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റായ വിജയ് ഹസാരെ, ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള പ്രധാനപ്പെട്ട ടൂര്‍ണമെന്റായിരുന്നു. കൃത്യമായ കാരണമില്ലെങ്കില്‍ സഞ്ജുവിനെ ഏകദിന മത്സരങ്ങളിലേക്ക് പരിഗണിക്കുന്നത് ബുദ്ധിമുട്ടാകുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്.